
കൊല്ലം: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തിയ യുവദമ്പതികളെ പൊലീസ് പിടികൂടി.
കുപ്പണ വയലില്‍ വീട്ടില്‍ ജീവൻ (20), ഭാര്യ തൃക്കടവൂര്‍ കുരീപ്പുഴ ലത ഭവനില്‍ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയില്‍ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 7.40 ഓടെ കാവനാട്-കുരീപ്പുഴ പാലത്തിലൂടെ സ്കൂട്ടറില്‍ വരുകയായിരുന്ന തേവലക്കര സ്വദേശിനി അമ്മുവിന്‍റെ ഒരു പവൻ തൂക്കം വരുന്ന സ്വര്‍ണത്താലി അടങ്ങിയ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. സ്കൂട്ടറില്‍ അമ്മുവിന്‍റെ വാഹനത്തിന് സമീപം എത്തിയ പ്രതികള്‍ മാല പൊട്ടിച്ചെടുത്തശേഷം അവരെ വാഹനത്തില്‍നിന്ന് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.സി ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള വീട്ടില്‍നിന്ന് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇൻസ്പെക്ടര്‍ അനുപിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആശ, അനില്‍, എ.എസ്.ഐ ജയകുമാരി, എസ്.സി.പി.ഒ അബു താഹിര്‍, സി.പി.ഒ അനില്‍കുമാര്‍, അഞ്ചാലുംമൂട് എസ്.ഐ ഗിരീഷ്, എസ്.സി.പി.ഒ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.