
തൃശ്ശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതി അനീഷ യൂട്യൂബ് നോക്കി ശുചിമുറിയിൽ പ്രസവിച്ചതെന്ന് മൊഴി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറിൽ തുണികെട്ടി വെച്ച് ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചുപിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി.
ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.
ആദ്യ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് മരണകാരണം കണ്ടെത്തുക വെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊലപാതകം നടന്ന് നാലുകൊല്ലം കഴിഞ്ഞതിനാൽ അവശിഷ്ടങ്ങൾ കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്തുകയാണ് പ്രയാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യത്തിൽ വിദഗ്ധ അഭിപ്രായം തേടിയിരിക്കുകയാണ് പൊലീസ്. കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴി തുറന്ന് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.അതിനിടെ അനീഷ കുട്ടികളെ കുഴിച്ചിട്ട രീതി എങ്ങനെയെന്ന വിവരം പുറത്തുവന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. കുഴിവെട്ടാൻ ഉപയോഗിച്ച തൂമ്പ പൊലീസിനു കാണിച്ചുകൊടുത്തു. രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യം പൊലീസിനോട് വിവരിച്ചത്.
പ്രായപൂർത്തിയാകുന്നതിനു മുന്നേ അനീഷ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് സംശയം ഉണ്ടായിരുന്നു. ഇക്കാര്യം അയൽവാസിയായ ഗിരിജ ചോദിച്ചതോടെ തനിക്കെതിരെ അപവാദം പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് അനീഷ വെള്ളിക്കുളങ്ങര പൊലീസിനു പരാതി നൽകി.