ജെമിനിക്കും ചാറ്റ് ജിപിടിക്കും എട്ടിന്‍റെ പണി; പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ

Spread the love

ഹാങ്ഝൗ: കമ്പനിയുടെ ഏറ്റവും ശക്തവും നൂതനവുമായ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) പുറത്തിറക്കി ചൈനീസ് ഭീമനായ ആലിബാബ. ഓപ്പൺഎഐയുടെ ജിപിടി-5, ഗൂഗിളിന്‍റെ ജെമിനി 2.5 പ്രോ, ക്ലോഡിന്‍റെ ഒപസ് 4 തുടങ്ങിയവയുമായി മത്സരിക്കാനാണ് ക്യുവെൻ 3 മാക്‌സ് (Qwen-3 Max) എന്ന ഈ പുതിയ എഐ മോഡൽ എത്തുന്നത്. ആലിബാബയുടെ ക്യുവെൻ എഐ മോഡലുകളുടെ സീരീസിലെ ആദ്യ മോഡലാണ് ക്യുവെൻ-3 മാക്‌സ്. കമ്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ മോഡലായ ക്യുവെൻ-3 മാക്‌സിൽ ഒരു ട്രില്യണിലധികം പാരാമീറ്ററുകൾ അഥവാ വേരിയബിളുകൾ അടങ്ങിയിരിക്കുന്നുവെന്ന് ആലിബാബ പറയുന്നു. ഒരു എഐ സിസ്റ്റം വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്ന് നിർണ്ണയിക്കുന്ന സാങ്കേതികവിദ്യയാണ് പാരാമീറ്ററുകൾ അഥവാ വേരിയബിളുകൾ. മാത്രമല്ല കോഡ് ജനറേഷനിലും ഓട്ടോണമസ് ഏജന്‍റ് കഴിവുകളിലും ക്യുവെൻ 3 മാക്‌സ് (Qwen-3 Max) പ്രത്യേക കഴിവുകൾ കാണിക്കുന്നുവെന്നും ആലിബാബ ക്ലൗഡിലെ ചീഫ് ടെക്‌നോളജി ഓഫീസർ ഷൗ ജിൻഗ്രെൻ കമ്പനിയുടെ വാർഷിക സമ്മേളനത്തിൽ പറഞ്ഞു.

ഈ പുതിയ എഐ സിസ്റ്റത്തിന് ചാറ്റ്‍ജിപിടി പോലുള്ള ഒരു ചാറ്റ്ബോട്ടിനെ അപേക്ഷിച്ച് കുറച്ച് മനുഷ്യ ഇടപെടലുകൾ മാത്രമേ ആവശ്യമുള്ളൂ എന്നാണ് ഓട്ടോണമസ് ഏജന്‍റ് കഴിവുകൾ എന്നതുകൊണ്ട് അർഥമാക്കുന്നത്. കൂടാതെ ഉപയോക്താവ് നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും നടപടിയെടുക്കാനും കഴിയും.

അതായത് ചാറ്റ്ബോട്ടുകൾ ചെയ്യുന്നതുപോലെ നിരന്തരമായ മനുഷ്യ ഇടപെടലിന്‍റെ ആവശ്യമില്ലാതെ തന്നെ സ്വന്തം തീരുമാനങ്ങൾ എടുക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനും എഐ സിസ്റ്റങ്ങളെ ഈ ഓട്ടോണമസ് സവിശേഷത അനുവദിക്കുന്നു. കോഡിംഗ് പ്രശ്‍നങ്ങൾ പരിഹരിക്കാനുള്ള എഐ മോഡലുകളുടെ കഴിവുകൾ വിലയിരുത്തുന്ന ബെഞ്ച്മാർക്കായ ടൗ2-ബെഞ്ച് പോലുള്ള മൂന്നാം കക്ഷി ബെഞ്ച്മാർക്കുകളിൽ എതിരാളികളെക്കാൾ മികച്ച പ്രകടനം ക്യുവെൻ 3 മാക്‌സ് കാഴ്‌ചവച്ചതായി ആലിബാബ പറഞ്ഞു. ആന്ത്രോപിക്‌സിന്‍റെ ക്ലോഡ്, ഡീപ്‍സീക്ക്-വി3.1 തുടങ്ങിയവ ഉൾപ്പെടെയുള്ള എതിരാളികളെക്കാൾ മികച്ച പ്രകടനമാണ് ക്യുവെൻ 3 മാക്‌സ് നടത്തിയതെന്നാണ് ആലിബാബ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യുവെൻ 3 മാക്‌സ് മോഡൽ ക്യുവെൻ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ സൗജന്യമായി ലഭ്യമാണ്. നിങ്ങൾ iOS-ലോ ആൻഡ്രോയ്‌ഡിലോ ക്യുവെൻ ചാറ്റ് ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, ഡിഫോൾട്ട് മോഡൽ ഇതിനകം ക്യുവെൻ 3 മാക്‌സിൽ ലഭ്യമാകും. നിങ്ങൾക്ക് ഇതുവരെ മോഡൽ കാണാൻ കഴിയുന്നില്ലെങ്കിൽ, മുകളിൽ ഇടത് കോണിൽ ടാപ്പ് ചെയ്‌ത് മോഡൽ മാറ്റുക.

അതേസമയം പരമ്പരാഗത ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ പ്രവർത്തനങ്ങളിലും ശ്രദ്ധേ കേന്ദ്രീകരിക്കുകയാണ് ആലിബാബ. ചൈനീസ് ടെക് സ്ഥാപനങ്ങൾക്കിടയിൽ എഐ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള മത്സരം മുറുകുന്നതിനാൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എഐയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ 380 ബില്യൺ യുവാൻ (53.40 ബില്യൺ ഡോളർ) നിക്ഷേപിക്കാനുള്ള പദ്ധതികൾ ഈ വർഷം ആദ്യം ആലിബാബ പ്രഖ്യാപിച്ചിരുന്നു.

ക്യുവെൻ 3 മാക്‌സിനൊപ്പം മറ്റ് നിരവധി എഐ ഉൽപ്പന്നങ്ങളും കഴിഞ്ഞ ദിവസം ആലിബാബ പുറത്തിറക്കി. ഇതിൽ സ്‍മാർട്ട് ഗ്ലാസുകൾ, ഇന്‍റലിജന്‍റ് കോക്ക്പിറ്റുകൾ തുടങ്ങിയ വെർച്വൽ, ഓഗ്മെന്‍റഡ് റിയാലിറ്റി (AR) ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൾട്ടിമോഡൽ, ഇമ്മേഴ്‌സീവ് സിസ്റ്റമായ ക്യുവെൻ 3 ഓംനിയും ഉൾപ്പെടുന്നു. ഈ വർഷം ഏപ്രിലിൽ ആണ് ആലിബാബ ക്യുവെൻ 3 മോഡൽ പുറത്തിറക്കിയത്. ക്യുവെൻ 3 മാക്‌സ് ഇപ്പോൾ കമ്പനിയുടെ എഐ യാത്രയിലെ ഏറ്റവും വലിയ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.