
തിരുവനന്തപുരം: സ്വന്തം നാട്ടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വഴിവിട്ട പ്രയോഗം കൊണ്ട് സ്വരാജ് വീണത് ചരിത്രമാകുമ്ബോള് മുമ്പും ഇത്തരം പ്രയോഗങ്ങള്‍ കൊണ്ട് മുറിവേറ്റവർ നിരവധി.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം സി.പി.എം ആർ.എസ്.എസിന്റെ സഹായം സ്വീകരിച്ചുവെന്ന എം.വി ഗോവിന്ദന്റെ തുറന്ന് പറച്ചിലാണ് പാർട്ടിക്കുള്ളില്‍ നിലവില്‍ ചർച്ചയായിരിക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ പ്രയോഗം സ്വരാജിന്റെ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.
എം.വി ഗോവിന്ദന്റെ പക്കല്‍ നിന്നും വീണ് കിട്ടിയ വജ്രായുധം സ്വരാജിനെതിരെ നിർദ്ദാക്ഷിണ്യം പ്രയോഗിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് രംഗത്ത് അക്ഷരാർത്ഥത്തില്‍ സി.പി.എമ്മിനെ മലർത്തിയടിക്കുകയും ചെയ്തു.
മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിലും ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായി സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. കൊല്ലത്ത് എം.എ ബേബി എൻ.കെ പ്രേമചന്ദ്രനെതിരെ മത്സരിക്കുമ്ബോള്‍ പിണറായി നടത്തിയ പരനാറി പ്രയോഗം ഏറെ ചർച്ചയായിരുന്നു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പദപ്രയോഗം അതിരുവിട്ടത് യു.ഡി.എഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. പകുതി വഴിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സി.പി.എമ്മിന്റെ കൈയ്യില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച രാഷ്ട്രീയപോരാട്ടം നടന്നിരുന്ന മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു പിണറായിയുടെ പരാമർശം. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുന്നതാണ് പിന്നീടു കണ്ടത്.
എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ എതിർ സ്ഥാനാർഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്.
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുവരെ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്ന ആർ.എസ്.പി സീറ്റു നിർണയത്തിലെ തർക്കങ്ങളെത്തുടർന്ന് അപ്രതീക്ഷിതമായി യു.ഡി.എഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്.
അന്ന് വൻ ഭൂരിപക്ഷം കിട്ടുമെന്ന് സി.പി.എം കരുതിയിരുന്ന ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് തിരിച്ചടി നേരിട്ടു. എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബേബിയുടെ ഭൂരിപക്ഷം 14,793 വോട്ട് ആയിരുന്നു. കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍ പോകുന്ന സ്ഥിതിയുണ്ടായി. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്ന എം.എ.ബേബി എം.എല്‍.എ സ്ഥാനം രാജിവയ്ക്കാൻ മുതിർന്നെങ്കിലും പാർട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
സമാനമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ രമ്യഹരിദാസിനെ നേരിട്ട പി.കെ ബിജുവിന്റെ അവസ്ഥയും. അന്ന് എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന വിജയരാഘവൻ രമ്യ ഹരിദാസിന് നേരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം മണ്ഡലത്തിലാകെ ചർച്ചയാുകയും ബിജു വലിയ വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു.
തരൂരർ, ചിറ്റൂർ ,നെന്മാറ, ആലത്തൂർ ചേലക്കര, കുന്നംകുളം , വടക്കാഞ്ചേരി എന്നീ എല്ലാ മണ്ഡലങ്ങളിലും മൃഗീയ ലീഡ് നേടിയ രമ്യ 1,58,968 വോട്ടുകള്‍ക്കാണ് വിജയിച്ചത്.