
ഇൻഷുറൻസ് അടക്കം കാലഹരണപ്പെട്ടിട്ട് രണ്ടര വർഷം; ബസിൻ്റെ പിന്നിൽ വലതുഭാഗത്തെ രണ്ടു ടയറുകളും തേഞ്ഞുതീർന്ന അവസ്ഥയിൽ; മറ്റ് ടയറുകളുടെ അവസ്ഥയും പരിതാപകരം; അപകടകരമായി വാഹനം ഓവർടേക്ക് ചെയ്‌ത സംഭവത്തിൽ ഇതേ ബസിന് കോട്ടയത്ത് പിഴയിട്ടിട്ടും അടച്ചിട്ടില്ലെന്ന് രേഖകൾ; കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചുകാരി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ബസിൻ്റെ ഫിറ്റ്നസ് ചോദ്യം ചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പ്
എറണാകുളം: നേര്യമംഗലത്തിനു സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചുകാരി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപെട്ട ബസിൻ്റെ ഇൻഷുറൻസ് അടക്കം കാലഹരണപ്പെട്ടിട്ട് രണ്ടര വർഷത്തോളമായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കൂടാതെ, അപകടകരമായി വാഹനം ഓവർടേക്ക് ചെയ്‌ത സംഭവത്തിൽ ഇതേ ബസിന് കോട്ടയത്ത് പിഴയിട്ടിട്ടുമുണ്ട്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. കെഎസ്ആർടിസി കുമളി ഡിപ്പോയിലേതാണ് RSC 598 നമ്പർ ബസ്. 2023 മാർച്ച് 22 ഓടെ വാഹനത്തിൻ്റെ ഇൻഷുറൻസ് തീർന്നു.
അതിനു മുൻപ് 2022 ജൂലൈ എട്ടിന് വൈകിട്ട് 5.30ന് കോട്ടയത്തു നിന്ന് അപകടകരമായി ഓവർടേക്ക്
ചെയ്തതിനാണ് മോട്ടോർവാഹനവകുപ്പ് പിഴയിട്ടത്. 2025 ഏപ്രിൽ രണ്ടോടെ വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കേറ്റും കാലഹരണപ്പെട്ടു. 11 വർഷവും എട്ടുമാസവുമാണ് വാഹനത്തിൻ്റെ പ്രായം. ബസിൻ്റെ പിന്നിൽ
വലതുഭാഗത്തെ രണ്ടു ടയറുകളും തേഞ്ഞുതീർന്ന അവസ്‌ഥയിലാണ്. മറ്റ് ടയറുകളുടെ അവസ്ഥയും പരിതാപകരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അവസ്ഥയിൽ കട്ടപ്പനയിൽ നിന്ന് 49 പേരുമായി എത്തിയ ബസാണ് 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്.
ബസിലുണ്ടായിരുന്ന 25 പേർക്ക് പരിക്കേറ്റിരുന്നു. ഒരു കാറിന് സൈഡ് കൊടുത്തപ്പോൾ ബസ് കുഴിയിലേക്ക് വീണു എന്നാണ് ബസിലുണ്ടായിരുന്ന ഒരു യുവതി പ്രതികരിച്ചത്. ഡോറിന്റെ തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ഈ യുവതി ഇരുന്നത്. ഇതിനു പിന്നിലായാണ് മരണപ്പെട്ട ഒൻപതാം ക്ലാസുകാരി അനീന്റ ഇരുന്നിരുന്നത്.
അനിൻ്റ ബസ് മറിഞ്ഞപ്പോൾ ജനലിൽ കൂടി തെറിച്ചുവീഴുന്നത് കണ്ടുവെന്ന് യുവതി പറയുന്നു. തെറിച്ചുവീണ അനിൻ്റ ബസിൻ്റെ അടിയിൽപെടുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷമാണ് പെൺകുട്ടിയെ പുറത്തെത്തടുത്തത്.
‘പാവപ്പെട്ട ഒരു കുടുംബമാണ്, ആ കുഞ്ഞിൻ്റെ അച്‌ഛൻ നേരത്തെ മരിച്ചതാ, അനിയത്തിയെ കാണാൻ ആശുപത്രിയിലേക്ക് പോയതായിരുന്നു ആ കുഞ്ഞ്, അപ്പോളാണ് ഈ ദുരന്തം’ എന്നാണ് മരണപ്പെട്ട അനിൻ്റയെപറ്റി നാട്ടുകാർ പറഞ്ഞത്. ആശുപത്രിയിൽ കിടക്കുന്ന സഹോദരിയെ കാണാനുള്ള യാത്രയിലായിരുന്നു അനിൻ്റ. അപകടത്തിൽപെട്ട ബസിൻ്റെ ഫിറ്റ്നസ് അടക്കം ചോദ്യം ചെയ്ത് സമൂഹമാധ്യമത്തിൽ പലരും കുറിപ്പുകൾ പങ്കുവയ്ക്കുന്നുണ്ട്.
ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന കുറിപ്പ്:-
“കട്ടപ്പന- എറണാകുളം റൂട്ടിൽ നേര്യമംഗലത്തിനു സമീപം അപകടത്തിൽപെട്ട KL 15A0098 നമ്പർ KSRTC ബസ്സിൻ്റെ വിവരങ്ങൾ ഗവൺമെൻ്റിൻ്റെ പരിവാഹനിൽ പരിശോധിക്കുമ്പോൾ ലഭ്യമാകുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. (PARIVAHAN SEARCHING HISTORY ആധാരം ). ഈ ബസിൻ്റെ ഇൻഷുറൻസ് രണ്ടര വർഷം മുമ്പ് കാലഹാരണപെട്ടു, കൂടാതെ, യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതികളിൽ ഓടിയതിനു ഈ വാഹനത്തിന് നിരവധി തവണ FINE എഴുതിയിട്ടുണ്ട്, പക്ഷെ ഇതുവരെ അടച്ചിട്ടില്ല.
കൂടാതെ, ഇൻഷുറൻസ് ഇല്ലാതെ ഈ വാഹനം എങ്ങനെ വാർഷിക ഫിറ്റ്നസ് ടെസ്റ്റ‌് പാസായി? യാത്രക്കാരെ കയറ്റി ഓടുവാൻ ഫിറ്റ്നസ് നേടി? ഇപ്പോൾ ഈ അപകടത്തിൽ മരണപ്പെട്ട ഈ പെൺകുട്ടിക്ക്, ഒപ്പം പരിക്ക് പറ്റിയവർക്ക് ആരാ നഷ്ടപരിഹാരം നൽകുക? കേരളത്തിൽ ഓരോ കൊടും വളവിലും, പാവപ്പെട്ട, ഓട്ടോ, TAXI, പ്രൈവറ്റ് BUS എന്നിവക്ക്, തോന്നും പടി FINE ഈടാക്കുന്ന, MVD ഉദ്യോഗസ്ഥർ കാണുന്നില്ലേ ഇതൊന്നും?
ഇൻഷുറൻസ് ഇല്ലാത്ത ഈ വാഹനത്തിൽ രാവും പകലും വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കും അവരുടെ ജീവനും സ്വത്തിനും എന്താ സംരക്ഷണം? സാധാരണ ജനത്തിൻ്റെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും നൽകാതെയാണ് സർവീസ് നടത്തുന്നതെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടത് അല്ലേ? Parivahan സൈറ്റിൽ കാണുന്നത് പോലെ ഇൻഷുറൻസ് ഇല്ലാത്തതിന് ഒരു തവണ 2000രൂപ പിഴ ചുമത്തിയിട്ടുണ്ട് എങ്കിൽ, ഇൻഷുറൻസ് സംബന്ധമായ ഇളവുകൾ മേൽപ്പറഞ്ഞ വാഹനത്തിന് ബാധകമല്ല എന്നല്ലേ?“