
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ പ്രധാനമന്ത്രി സുശീല കാർക്കി. സെപ്റ്റംബർ എട്ടിനും ഒൻപതിനും നടന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികളാണ്. ഇവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും നേപ്പാൾ പ്രധാനമന്ത്രി അറിയിച്ചു.
പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി
പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. ഇതിൽ 59 പ്രക്ഷോഭകരും 10 തടവുകാരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത 134 പേർക്ക് പരിക്കേറ്റു. 57 പൊലീസുകാർക്കും പരിക്കുപറ്റി. പ്രതിഷേധത്തിനിടെ സംഭവിച്ച നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ മന്ത്രാലയങ്ങൾക്ക് നിർദേശം ലഭിച്ചു.
മുൻ ചീഫ് ജസ്റ്റിസായ സുശീല കാർക്കി വെള്ളിയാഴ്ചയാണ് പ്രസിഡന്റ് രാമചന്ദ്ര പൗഡലിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കെട്ടിടത്തിലിരുന്നാണ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ്, അടുത്ത വർഷം മാർച്ച് 5 ന് നടക്കാനിരിക്കുന്ന പ്രതിനിധിസഭാ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധത്തിന് കാരണം സാമ്പത്തിക അസമത്വം
നേപ്പാളിലെ പ്രക്ഷോഭങ്ങളുടെ പ്രധാന കാരണം സാമ്പത്തിക അസമത്വമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സാധാരണക്കാരായ നേപ്പാളികൾ തൊഴിലില്ലായ്മ, വർധിക്കുന്ന പണപ്പെരുപ്പം, കടുത്ത ദാരിദ്ര്യം എന്നിവയുമായി പോരാടുമ്പോൾ, രാഷ്ട്രീയ നേതാക്കളുടെ കുട്ടികൾ അഥവാ ‘നെപോ കിഡ്സ്’ ആഡംബര കാറുകൾ, ഡിസൈനർ ഹാൻഡ്ബാഗുകൾ എന്നിവ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നത് ജനരോഷം വർദ്ധിപ്പിച്ചു. രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം എടുത്തുകാണിക്കുന്ന പോസ്റ്റുകളും വീഡിയോകളും ടിക് ടോക്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതിഷേധങ്ങളും അക്രമങ്ങളും വ്യാപിച്ചതോടെ, 73 വയസുകാരനായ പ്രധാനമന്ത്രി ഒലി രാജിവെച്ചു. മറ്റ് മുതിർന്ന മന്ത്രിമാരും രാജിവെച്ചു. തുടർന്നാണ് സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായത്.