
കൊച്ചി∙ എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ നേപ്പാൾ യുവതി ദുർഗ കാമി ( 22 ) മരിച്ചു. വ്യാഴാഴ്ച രാത്രി 10.05 നായിരുന്നു മരണം. ഇന്നലെ ഉച്ചയ്ക്ക് 2നു ദുർഗയെ എക്മോ സപ്പോർട്ടിൽ നിന്നു മാറ്റിയിരുന്നു.
കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തെങ്കിലും വൈകിട്ട് നാലോടെ ഹൃദയവും ശ്വാസകോശവും നിലച്ചു. 6 മണിക്കൂറോളം ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദുർഗയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല.
കഴിഞ്ഞമാസം 22 നായിരുന്നു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചാത്തന്നൂർ സ്വദേശി ഷിബുവിന്റെ ഹൃദയമാണു ദുർഗയ്ക്കു മാറ്റിവച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു ഇത്. ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ നിലയിലേക്കു തിരിച്ചുവന്ന ദുർഗ മരുന്നുകളോടു വേഗത്തിൽ പ്രതികരിച്ചതു പ്രതീക്ഷ നൽകിയിരുന്നു.
മരുന്നുകൾക്കു മാത്രം ആശുപത്രി 12 ലക്ഷം രൂപ ചെലവഴിച്ചു. 1.5 കോടി രൂപയാണു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ ജനറൽ ആശുപത്രി ചെലവാക്കിയത്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യത്തെ ജില്ലാ ആശുപത്രിയെന്ന നേട്ടത്തിനും എറണാകുളം ജനറൽ ആശുപത്രി അർഹമായിരുന്നു. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ദുർഗ കാമി 10 മാസത്തിലേറെയായി യോജിച്ച ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.
അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണു ചികിത്സയ്ക്കായി ദുർഗയെ കേരളത്തിലെത്തിച്ചത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അപേക്ഷിച്ചെങ്കിലും നിയമം തടസ്സമായി. പിന്നീട് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവു വാങ്ങിയാണു ശസ്ത്രക്രിയ നടത്തിയത്.



