
തിരുവനന്തപുരം: നേമം സഹകരണ ബാങ്കില്‍ മരിച്ചവരുടെ പേരില്‍ വ്യാപകമായി വായ്പകളെടുത്ത് തട്ടിപ്പ് നടത്തിയതായി സി.പി.എം.
നേമം ഏരിയാ സമ്മേളനത്തില്‍ ആരോപണം. 25 വർഷം മുൻപ് മരിച്ച ആളിന്റെ പേരില്‍ 2.5 ലക്ഷം രൂപ വായ്പയെടുത്തു.
പത്ത് വർഷം മുൻപ് മരിച്ചയാളിന്റെ പേരിലും 15 വർഷം മുൻപ് മരിച്ചയാളിന്റെ പേരിലും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നു നേമം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പങ്കെടുത്ത പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇത് ചെയ്തവരെ പവിത്രവത്കരിക്കാനും മഹത്വവത്കരിക്കാനുമാണ് ശ്രമം. ഈ തട്ടിപ്പുകാർക്കെതിരേ എന്ത് നടപടിയാണ് എടുത്തതെന്നും പ്രതിനിധികള്‍ ചോദിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് അണിയറയില്‍ പ്രവർത്തിച്ചവർ ഇനിയും പാർട്ടിയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കെതിരേയും മാതൃകാപരമായും നിയമപരമായും നടപടിയെടുക്കണം. നേമം സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കിയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
നിക്ഷേപകർക്ക് നഷ്ടമായ പണം തിരികെ ലഭിക്കാൻ സർക്കാർ മുൻകൈയെടുക്കണം. പ്രതിസന്ധിയിലായ ബാങ്കിനെ കരകയറ്റാൻ ശ്രമിച്ച നേതാക്കളായ പ്രതാപചന്ദ്രനേയും പ്രസാദിനേയും പ്രതിസ്ഥാനത്ത് നിർത്താൻ ചിലർ ആസൂത്രിതമായ ശ്രമം നടത്തിയതായും നേമത്ത് നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
നേമത്തെ പാർട്ടിയുടെ നേതൃത്വത്തിനെതിരേയും വിമർശനം ഉയർന്നു. നേമം ഏരിയയിലെ സംഘടനാ സംവിധാനം ദുർബലമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. പാർട്ടി അന്വേഷണക്കമ്മിഷനുകള്‍ നോക്കുകുത്തിയാവുകയാണെന്നും പരാതിയുണ്ടായി.
കമ്മിഷനുകള്‍ വെയ്ക്കുകയല്ലാതെ റിപ്പോർട്ടുകള്‍ പാർട്ടി പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ആകെ അവതാളത്തിലാണെന്നും പോലീസ് ഭരണത്തില്‍ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും കുറ്റപ്പെടുത്തലുണ്ടായി.