ലക്ഷങ്ങള്‍ ചെലവഴിച്ചു പഞ്ചായത്ത് ആഴംകൂട്ടി നീരൊഴുക്കു വര്‍ധിപ്പിച്ച നാട്ടുതോട്ടിൽ കക്കൂസ് മാലിന്യം: പാടത്ത് വെള്ളം കയറ്റാനാകാതെ നെൽ കർഷകർ :നട്ടം തിരിയുന്നത് വൈക്കം വെച്ചൂരിലെ കർഷകർ

Spread the love

വെച്ചൂര്‍: പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തോട്ടിലും ലക്ഷങ്ങള്‍ ചെലവഴിച്ചു പഞ്ചായത്ത് ആഴംകൂട്ടി നീരൊഴുക്കു വര്‍ധിപ്പിച്ച നാട്ടുതോട്ടിലും കക്കൂസ് മാലിന്യം നിരന്തരം തള്ളുന്നത് നെല്‍കൃഷിക്കും ജനജീവിതത്തിനും കടുത്ത ഭീഷണിയാകുന്നു.

വൈക്കം വെച്ചൂരിലെ 545 ഏക്കര്‍ വിസ്തൃതിയുള്ള പൂവത്തുക്കരി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന തോട്ടില്‍ നാലുലോഡ് കക്കൂസ് മാലിന്യമാണ് കഴിഞ്ഞ ദിവസം തള്ളിയത്.

മാസങ്ങളായി ഈ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിവരികയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. നെല്ല് വിതച്ച്‌ 25 ദിവസം പിന്നിട്ടതിനെത്തുടര്‍ന്ന് വളമിട്ട് മരുന്നടിച്ച കൃഷിയിടത്തില്‍ വെള്ളം കയറ്റേണ്ട സമയമായെങ്കിലും തോട് മലിനമായതോടെ തൂമ്പ് തുറക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം തോട്ടിലിറങ്ങിയ കര്‍ഷകര്‍ ദേഹം ചൊറിഞ്ഞു തടിച്ചു അസുഖബാധിതരായി ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലുറപ്പു തൊഴിലാളികളും തോട്ടിലിറങ്ങി അസുഖബാധിതരായതിനെത്തുടര്‍ന്നു മാലിന്യം നിറഞ്ഞ തോട് ശുചീകരിക്കാനുമാകുന്നില്ല. മാലിന്യം തള്ളുന്നവെര പിടികൂടാന്‍ കര്‍ഷകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പഞ്ചായത്ത് റോഡില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നു. മാലിന്യവുമായി വന്ന വാഹനങ്ങള്‍ കര്‍ഷകരും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പിടികൂടി അധികൃതര്‍ക്ക് കൈമാറിയെങ്കിലും ശക്തമായ നടപടിയുണ്ടാകാത്തതിനാല്‍ രാത്രിയുടെ മറവില്‍ മാലിന്യനിക്ഷേപം തുടരുകയാണ്.

നിരന്തരം ആവശ്യപ്പെട്ടിട്ടും ജലാശയങ്ങള്‍ മലിനമാക്കുന്നതിനെതിരേ ഫലപ്രദമായി അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പൂവത്തുക്കരി പാടശേഖരസമിതി സെക്രട്ടറി ബി. റെജി, പ്രസിഡന്‍റ് എസ്. പ്രദീപ്, കമ്മിറ്റിക്കാരായ പി.ആര്‍. രജനി, ജനാര്‍ദനന്‍ പുറത്തിക്കാട്ട്, കര്‍ഷകരായ അശോകന്‍ കാട്ടിളം, പ്രകാശന്‍ കല്ലിത്തറ തുടങ്ങിയവര്‍ പറഞ്ഞു.