
കോട്ടയം : പലിശയ്ക്ക് കടമെടുത്തും പണയംവച്ചും കൃഷി ചെയ്ത് നല്‍കിയ നെല്ലിന്റെ വിലയെന്ന് ലഭിക്കുമെന്നറിയാതെ കർഷകർ.
കൊയ്ത്ത് കഴിഞ്ഞ നെല്ല് മില്ലുകാർ എടുക്കാതെ ആഴ്ചകളോളം പാടത്ത് തന്നെ കിടക്കുകയും, പിന്നീട് ഇരുപത് ശതമാനം വരെ കിഴിവ് നല്‍കേണ്ടി വരികയും ചെയ്ത അപ്പർ കുട്ടനാട്ടിലെ കർഷകരാണ് ഓണമടുത്തിട്ടും പണത്തിനായി കാത്തിരിക്കുന്നത്.
ആറ് മാസം മുൻപ് സംഭരിച്ച നെല്ലിന്റെ പണം ഓണത്തിന് മുൻപ് നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ് വാക്കായി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സപ്ലൈകോ നല്‍കിയ പാഡിരസീതുമായി ബാങ്ക് കയറി കർഷകർ മടുത്തു. ക്ഷേമ പെൻഷനും ബോണസും ഓണം അഡ്വാൻസിനുമുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ ധനകാര്യ വകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നാണ് പറയുന്നത്.
28 രൂപ 20 പൈസയ്ക്ക് കർഷകരില്‍ നിന്ന് സംഭരിച്ച നെല്ല് ബ്രാൻഡഡ് അരിയാക്കി സ്വകാര്യമില്ലുകള്‍ ഇരട്ടിയിലേറെ വിലയ്ക്കാണ് വില്‍ക്കുന്നത്. പാതി വിലയ്ക്ക് തങ്ങളില്‍ നിന്ന് വാങ്ങിയ നെല്ലിന്റെ അരി ഇരട്ടിയിലേറെ വിലയ്ക്ക് വാങ്ങി ഓണമുണ്ടേണ്ട ഗതികേടിലാണ് കർഷകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴിചാരി കേന്ദ്രവും, സംസ്ഥാനവും
റേഷൻ കടകളില്‍ അരി എത്തിച്ചതിന്റെ കണക്ക് ലഭിക്കാത്തതാണ് പണം നല്‍കാൻ കാലത്താമസമെന്ന് കേന്ദ്രം കുറ്റപ്പെടുത്തുമ്പോള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയുടെ തുടർച്ചയാണിതെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ന്യായീകരണം. ഇരു കൂട്ടരും പരസ്പരം പഴിചാരുന്നതിനിടയില്‍ കർഷകർക്ക് മുന്നില്‍ കൈമലർത്താനേ ബാങ്ക് അധികൃതർക്ക് കഴിയുന്നുള്ളൂ. ഒന്നാം കൃഷിയ്ക്ക് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാല്‍ രണ്ടാം കൃഷിയിറക്കാത്തവർ നിരവധിയാണ്. ഇത് നെല്ല് ഉത്പാദനത്തിലും കുറവ് വരുത്തി.
ഇരട്ടി ലാഭം കൊയ്ത് മില്ലുകള്‍
കർഷകരില്‍ നിന്ന് സംഭരിച്ച നെല്ല് ബ്രാൻഡഡ് അരിയാക്കി മില്ലുകള്‍ ലാഭം കൊയ്യുന്നു
വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകരില്‍ ഭൂരിഭാഗവും ജപ്തി ഭീഷണിയിലാണ്
രണ്ടാംകൃഷിയ്‌ക്ക് പലരും തയ്യാറാകാതെ വന്നതോടെ നെല്ല് ഉത്പാദനവും കുറഞ്ഞു
”അടുത്ത കൃഷിയുടെ നെല്ല് സംഭരിക്കുന്നതിന്റെ രജിസ്ട്രേഷനില്‍ കേന്ദ്രം ഫണ്ട് അനുവദിക്കുന്ന മുറയ്ക്കേ കർഷകർക്ക് പണം ലഭിക്കൂ എന്ന നിബന്ധനവച്ച് സംസ്ഥാന സർക്കാർ തലയൂരുകയാണ്. ഓണനാളുകളിലും കർഷകരോട് തുടരുന്ന അവഗണനയ്ക്കെതിരെ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാനാണ്.
കർഷക സംഘടനകളുടെ തീരുമാനം