സ്വന്തം ലേഖിക.
കൂടുതല്‍ വില, രൊക്കം പണം എന്നതായിരുന്നു സംഭരണം തുടങ്ങുമ്പൊഴുള്ള പ്രഖ്യാപിത ലക്ഷ്യം.സഹകരണസംഘങ്ങള്‍ വഴിയായിരുന്നു 2005ല്‍ ഇതിനു തുടക്കകുറിച്ചത് . അത് അഴിമതിക്കും വിളനാശത്തിനും നഷ്ടത്തിനും ഇടയാക്കിയ ഘട്ടത്തിലാണ് സപ്ലൈകോയെ സംഭരണം ഏല്‍പ്പിച്ചത്. രൊക്കം പണം കൊടുക്കാന്‍ സപ്ലൈകോയ്ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല എട്ടു മാസം വരെയാണ് കര്‍ഷകരുടെ കാത്തിരിപ്പ്.
സപ്ലൈകോ വഴി നെല്ല് വില്‍ക്കാന്‍ കടമ്പകൾ പലതു കടക്കണം. സര്‍ക്കാരുമായി കരാറുള്ള കണ്‍സോര്‍ഷ്യത്തിലെ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നെല്‍കര്‍ഷകന്‍ രേഖകളും ഒപ്പുകളും നല്‍കി അക്കൗണ്ട് തുറക്കണം. കൊയ്ത്തിനു മുന്‍പു തന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിറ്റ നെല്ലിന്‍റെ തൂക്കം കുറിച്ച പിആര്‍എസ് രസീത് സമര്‍പ്പിക്കുമ്പൊള്‍ ലോണായി ബാങ്ക് കര്‍ഷകന് അക്കൗണ്ടില്‍ പണംനല്‍കും. എട്ടു ശതമാനം പലിശയടക്കം ഈ തുക സപ്ലൈക്കോ ബാങ്കില്‍ അടയ്ക്കുംവരെ കര്‍ഷകന്‍ ബാധ്യതക്കാരനായതിനാല്‍ മറ്റൊരു ലോണ്‍ ഇതേ ബാങ്ക് നല്‍കില്ല. ഈ സാഹചര്യത്തില്‍ അടുത്ത കൃഷിക്കുള്ള പണത്തിന് കര്‍ഷകന്‍ ബ്ലേഡ് പലിശക്കാര്‍ക്കു കീഴടങ്ങുകയേ വഴിയുള്ളൂ.
ഏറ്റെടുക്കുന്ന നെല്ല് സപ്ലൈകോ സ്വകാര്യ മില്ലുകളെയാണ് കുത്താന്‍ ഏല്‍പ്പിക്കുന്നത്. ഈ മില്ലുകളെല്ലാം ബ്രാന്‍ഡഡ് അരി കമ്ബനികളുടെ വകയാണ്. ഇവിടത്തെ പാടങ്ങളില്‍നിന്ന് കുത്താന്‍ എന്ന പേരില്‍ ഏറ്റെടുക്കുന്ന മുന്തിയ നെല്ല് സ്വന്തം ബ്രാന്‍ഡില്‍ അരിയാക്കി വില്‍ക്കുകയും നിലവാരം കുറഞ്ഞ അരി സിവില്‍ സപ്ലൈസിനെ തിരികെ ഏല്‍പ്പിക്കുകയും ചെയ്യുന്ന പകല്‍ക്കൊള്ള എക്കാലവും തുടരുകയാണ്.
മില്ലുകാരും ഉദ്യോഗസ്ഥരും പാര്‍ട്ടികളും ചേര്‍ന്നുള്ള കോടികളുടെ വീതംവയ്പ്പാണ് അരികുത്ത് എന്ന നടപടി. നൂറു കിലോ നെല്ല് മില്ലുകാര്‍ കുത്തുമ്ബോള്‍ 68 കിലോ അരി തിരികെ നല്‍കി അത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നു എന്നാണ് വയ്പ്. ഇത് 64 കിലോയായി കുറയ്ക്കാന്‍ മില്ലുകാര്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. 92 മില്ലുകളാണ് സംഭരണത്തിലുള്ളതെങ്കിലും ഇവര്‍ക്കെല്ലാം മറ്റു പേരുകളും മില്ലുകളുമുണ്ട്.
ക്രമക്കേടിന് കരിമ്പട്ടികയില്‍പ്പെട്ടാല്‍ ഇതേ സ്ഥാപനത്തിന്‍റെ മറ്റൊരുമില്ല് രംഗത്തുവന്ന് സംഭരണം തുടരുകയാണ് പതിവ്. മഴക്കാലത്തെ കൊയ്ത്താണ് മില്ലുകാരുടെ അധികനേട്ടം. ഈര്‍പ്പത്തിന്‍റെ പേരില്‍ എട്ടും പത്തു കിലോയുടെ കിഴവ് അടിച്ചേല്‍പ്പിക്കുമ്പൊള്‍ കര്‍ഷകന്‍ അതിനു കീഴടങ്ങിയേ തീരൂ.
മഴയില്‍ നെല്ല് കിളിര്‍ക്കുന്ന സാഹചര്യം ഒഴിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. പണമിറക്കി അധ്വാനിച്ച് കൃഷി ചെയ്ത് നഷ്ടം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കര്‍ഷകരെ കടക്കെണിയിലാക്കുന്ന നടപടിയാണ് നിലവിലെ നെല്ല് സംഭരണം. കര്‍ഷകന്‍റെ ഉത്പന്നം മില്ലുകാരുടെ ലാഭം എന്ന ചൂഷണത്തിന് അറുതിയുണ്ടാക്കാന്‍ നടപടിയൊന്നുമില്ല.