36 വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്ത് നെജുവും ഇസ്മയിലും ; സാക്ഷിയായി കൊച്ചുമകളും ; വിവാഹം രജിസ്റ്റര്‍ ചെയ്തത് എസ്എംഎ നിയമപ്രകാരം
സ്വന്തം ലേഖകൻ
തൃശൂര്‍: 36 വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്ത് നെജുവും ഇസ്മയിലും. കൊടുങ്ങല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ കൂടെ ഇസ്മയിലിന്റ ഉമ്മയും ഉപ്പയും നെജുവിന്റെ സഹോദരിയും മകളും, മകളുടെ പങ്കാളിയും കൊച്ചുമകളുമുണ്ടായിരുന്നു.
ബ്രിട്ടീഷുകാരുണ്ടാക്കിയ ഇന്ത്യന്‍ ശരീഅത്ത് നിയമത്തില്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ലിംഗവിവേചനപരമായ അനീതിയെ ചോദ്യം ചെയ്തു കൊണ്ട് അവര്‍ എസ്എംഎ നിയമപ്രകാരംആണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇ സ്മയിലിന്റെ ഉപ്പയും ഉമ്മയും നെജുവിന്റെ സഹോദരി മുജിതയും സാക്ഷികളായി ഒപ്പിട്ട് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോറം ഫോര്‍ ജെന്റര്‍ ഇക്വാലിറ്റി എമംഗ് മുസ്ലിംസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഡോ.ഖദീജ മുംതാസ്, ചിന്തകനും മുന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ.പി കെ പോക്കര്‍, പ്രശസ്ത നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീല്‍, ഫോര്‍ജെം ജോ. കണ്‍വീനര്‍ എ സുല്‍ഫത്ത്, ഡോ. കുസുമം ജോസഫ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ അനുമോദന സമ്മേളനവും എസ്എംഎ വിവാഹം നിസ്സഹായരുടെ പ്രതിരോധം എന്ന വിഷയത്തില്‍ സെമിനാറും നടന്നു.
സെമിനാര്‍ ഡോ. പി.കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു. സ്വത്തവകാശവും പൗര എന്ന പദവിയും പരസ്പരം ബന്ധപ്പെട്ടതാണെന്നും പൂര്‍ണ പൗരത്വം ലിംഗവിഭാഗങ്ങള്‍ക്ക് സാധ്യമാകുന്നത് തുല്യ സ്വത്തവകാശം ലഭിക്കുമ്പോഴാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദരങ്ങള്‍ക്കോ ആണ്‍ മകള്‍ക്കോ കൂടുതല്‍ സ്വത്ത് ലഭിക്കുന്നത് തടയാനുള്ള പ്രതിരോധ നടപടിയല്ല എസ്എംഎ (സ്പെഷ്യല്‍ മാര്യേജ് ആക്ട്)വിവാഹം. അത് സ്ത്രീയുടെ അന്തസ്സും അഭിമാനവും തുല്യതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സാമൂഹിക നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക സമൂഹം ഫാസിസ്റ്റ് അടിച്ചമര്‍ത്തലിനു വിധേയമാകുന്ന സമകാലീനാവസ്ഥയില്‍ മതത്തിനകത്ത് സ്ത്രീയും പുരുഷനും തമ്മിലുള്ള വേര്‍തിരിവ് വ്യാപകമാക്കുന്നതിനു പകരം സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യം സൃഷ്ടിക്കാന്‍ മതനേതൃത്വങ്ങള്‍ തയ്യാറാവണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ഡോ. ഖദീജ മുംതാസ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ശരീ അത്ത് ആക്ട് നിരവധി സ്ത്രീവിരുദ്ധ വകുപ്പുകള്‍ നിറഞ്ഞതാണെന്നും വിവാഹം, വിവാഹമോചനം സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ തുല്യനീതിക്ക് ഖുറാന്‍ എതിരല്ലെന്നും വിഷയം അതരിപ്പിച്ചു സംസാരിച്ച ഷുക്കൂര്‍ വക്കീല്‍ ചൂണ്ടിക്കാട്ടി. സ്ത്രീയുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് എസ്എംഎ വിവാഹത്തിലൂടെ നടത്തുന്നത്. മാര്‍ച്ച് 8 ന് സമൂഹ വിവാഹ രജിസ്‌ട്രേഷന് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എം സുല്‍ഫത്ത്, പ്രൊഫ. കുസുമം ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.