ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഇനി മണിക്കൂറുകള്‍ മാത്രം ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ; മത്സരിക്കുക ഒൻപത് വിഭാഗങ്ങളിലായി 74 വള്ളങ്ങൾ
സ്വന്തം ലേഖകൻ
ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമട കായലിൽ നടക്കും. ഒൻപത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് മത്സരിക്കുക. വള്ളംകളി കാണാൻ നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ജലോത്സവപ്രേമികൾ എത്തിത്തുടങ്ങി.
ജവഹർലാൽ നെഹ്‌റുവിന്‍റെ കയ്യൊപ്പോട് കൂടിയ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുക. വള്ളംകളി തുടങ്ങുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലമാമാങ്കത്തിന് തുടക്കമാകും. ഇന്ന് ആലപ്പുഴ ജനസാഗരമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
70ാമത് നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്‌ടറുകളായി തിരിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 17 ഡിവൈഎസ്‌പി, 41 ഇൻസ്പെക്‌ടർ, 355 എസ്ഐ എന്നിവരുൾപ്പടെ 1800 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നാളെ രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാകും മേളയ്ക്ക് തുടക്കമാകുക.
ഇന്ന് വൈകുന്നേരം നാല് മണി മുതലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ നാല് ഹീറ്റ്സുകളിൽ നാല് വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുക.
ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. വള്ളംകളി മത്സരത്തിൽ ആകെ 74 വള്ളങ്ങളാണ് പങ്കെടുക്കുക ഒമ്പത് വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. 19 ചുണ്ടൻ വള്ളങ്ങൾ പ്രധാന മത്സരങ്ങളിൽ പങ്കെടുക്കും 3 ചുരുളൻ വള്ളങ്ങളും മത്സരിക്കാനുണ്ടാകും.
- യന്ത്രവത്കൃത സ്‌റ്റാർട്ടിങ് സംവിധാനം
- ഫോട്ടോ ഫിനിഷിങ് സംവിധാനം
- കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തി കെഎസ്ആർടിസി ബഡ്‌ജറ്റ് സെല്ലിന്‍റെ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനം
- പ്രവേശനം പാസുള്ളവർക്ക് മാത്രം
ടൂറിസിസ്‌റ്റ് ഗോൾഡ്, സിൽവർ പാസുള്ളവർ ബോട്ടിൽ നെഹ്റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ 10 മണിക്ക് ഡിടിപിസി ജെട്ടിയിൽ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉൾപ്പടെ പാസ് എടുത്തിട്ടുള്ളവരും എത്തിച്ചേരണം. രാവിലെ 10 മണിക്ക് ശേഷം ഡിടിപിസി ജെട്ടി മുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല.
പവലിയനിലടക്കം സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് പാസുകളുടെ എണ്ണം ക്രമീകരിക്കും. എന്നാൽ, സിബിഎൽ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തീയതി പ്രഖ്യാപനമോ, മറ്റ് ഒരുക്കങ്ങളോ ഇതുവരെ ആരംഭിച്ചിട്ടില്ല. സിബിഎൽ മുന്നൊരുക്കങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇത്തവണ ജലമേളയുടെ നടത്തിപ്പിന് 61ലക്ഷം രൂപയുടെ വ്യത്യാസം നേരിടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഓഗസ്‌റ്റ് 10നായിരുന്നു വള്ളംകളി നടത്താനിരുന്നത്. എന്നാൽ വയനാട് ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തീയതി മാറ്റുകയായിരുന്നു.