
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. എന്നാല്‍ വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നും സൂപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്.
നീറ്റ് യുജിയില്‍ പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇരുപത്തിനാല് ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുക. അഡ്മിഷനടക്കമുള്ള പ്രക്രിയകളും താറുമാറാകും. അതിനാല്‍ നിലവിലെ പരീക്ഷ പൂര്‍ണമായി റദ്ദാക്കുന്നത് നീതീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷാ നടത്തിപ്പില്‍ വീഴ്ചയുണ്ടായോ, പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചോ, തട്ടിപ്പു നടത്തിയ പരീക്ഷാര്‍ഥികളെ പ്രത്യേകമായി കണ്ടെത്താന്‍ കഴിയുമോ എന്നീ കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഹസാരിബാഗിലെയും പട്‌നയിലെയും കാര്യത്തില്‍ സംശയമില്ല. സിബിഐ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്വേഷണം തുടരുകയാണ്.
എങ്കിലും കേസില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം രണ്ടിടത്തെയും 155 വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ നേട്ടമുണ്ടായത്. എന്നാല്‍, തട്ടിപ്പു നടത്തിയവരെയും അല്ലാത്തവരെയും തരംതിരിക്കാന്‍ കഴിയുന്ന സാഹചര്യം കേസിലുണ്ട്. അന്വേഷണ ഘട്ടത്തില്‍ കൂടുതല്‍ പേര്‍ തട്ടിപ്പു നടത്തിയെന്നു ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ ഏതു ഘട്ടത്തിലും നടപടി സ്വീകരിക്കാം. കൗണ്‍സിലിങ് തുടരാമെങ്കിലും തട്ടിപ്പു നടത്തിയെന്ന് തെളിഞ്ഞാല്‍ ആ വിദ്യാര്‍ഥിക്ക് പ്രവേശനം അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്ന്, കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മുഴുവന്‍ പരീക്ഷയെയും ചോദ്യച്ചോര്‍ച്ച ബാധിച്ചോയെന്ന്, പുനഃപരീക്ഷ ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞിരുന്നു. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്നും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ ചോര്‍ച്ച ഉണ്ടായതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാകില്ലന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.