കവണാറ്റിൻകര ആറ്റുചിറഭാഗത്ത് കുളിക്കാനിറങ്ങിയ കാെച്ചുമകനേയും രക്ഷിക്കാനിറങ്ങിയ മുത്തശ്ശനെയും നീർനായ കടിച്ചു
സ്വന്തം ലേഖകൻ
കുമരകം
കവണാറ്റിൻകര ആറ്റുചിറ ഭാഗത്ത് കവണാറിൽ കുളിക്കാനിറങ്ങിയ കൊച്ചു മകനെയും രക്ഷിക്കാനിറങ്ങിയ മുത്തശ്ശനേയും നീർനായ കടിച്ചു. ആറ്റുചിറ പങ്കജാക്ഷൻ (65) കൊച്ചു മകൻ ധനീഷ് രാജ് (14) എന്നിവർക്കാണ് കുളിക്കാനിറങ്ങിയപ്പോൾ കടിയേറ്റത്. ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. കുളിച്ചു കൊണ്ടിരുന്ന ധനീഷിനെ നീർനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ പങ്കജാക്ഷനെയും നീർനായ കടിച്ച് പരിക്കേൽപ്പിച്ചു. ധനീഷിന്റെ കാലിൽ ഏഴ് ഇടങ്ങളിൽ നീർനായയുടെ കട്ടിയേറ്റിട്ടുണ്ട്. പങ്കജാക്ഷന്റെ മുറിവ് ആഴത്തിലുള്ളതാണ്. ഇരുവരെയും മെഡിക്കൽ കാേളേജിൽ പ്രവേശിപ്പിച്ചു. വേമ്പനാട്ടുകായലിലും അനുബന്ധ ജലാശയങ്ങളിലും നീർന്നായ്ക്കൾ ഒറ്റയ്‌ക്കും കൂട്ടമായും കാണാറുണ്ടെങ്കിലും ഉൾനാടൻ ജലാശയങ്ങളിൽ വെച്ച് ഇവ മനുഷ്യരെ ആക്രമിക്കുന്നത് അസാധാരണമാണ്. നായ്ക്കൾ കടിക്കുമ്പോൾ എടുക്കുന്ന എല്ലാ കുത്തിവെപ്പുകളും ചികിത്സകളും നീർനായ് കടിച്ചാലും സ്വീകരിക്കണം.