നവാഗതരുടെ നീർമാതളം പൂത്തുലയുന്നു
” ആണുങ്ങൾ ഒന്നിൽ കൂടുതൽ പ്രണയിച്ചാൽ അത് വീരത്വം , എന്നാൽ ഒരു പെണ്ണ് ഒന്നിൽ കൂടുതൽ പ്രണയിച്ചാൽ അവൾ പോക്കു കേസ് ” *ക്യൂൻ ഓഫ് നീർമാതളം പൂത്തകാലം ഒരു ഭയങ്കര കാമുകി* എന്ന സിനിമയുടെ ടീസറിൽ ഒരു പെൺകുട്ടിയുടെ കഥാപാത്രം പറയുന്ന വാക്കുകൾ കേട്ടപ്പോൾ തന്നെ അറിയാതെ മനസ്സിൽ പറഞ്ഞു പോയി “ഇവൾ ഒരു ഭയങ്കര കാമുകി തന്നെ… ” എന്ന് .
ഒബ്സ്ക്യൂറാമാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് എ ആർ അമൽ കണ്ണൻ സംവിധാനം ചെയ്ത “നീർമാതളം പൂത്തകാലം” എന്ന സിനിമ ഇന്നത്തെ തലമുറയുടെ വളരെ ഗൗരവമേറിയ വിഷയമായാണ് ചർച്ച ചെയ്യുന്നത്.
മെറിൻ യാദൃശ്ചികമായി ഹോസ്പിറ്റലിൽ വച്ച് തന്റെ സ്ക്കൂൾ സഹപാഠി ആമിയെ അത്യാസന്ന നിലയിൽ കാണുന്നു , ആത്മഹത്യയ്ക്ക് ശ്രമിച്ച് അവൾ ഇപ്പോൾ ഐ സി യു വിൽ ആണ്. ആമിക്ക് എന്താണ് സംഭവിച്ചത് ? മെറിൻ ആമി സഞ്ചരിച്ച വഴികളിലൂടെ ഒരു അന്വേഷിയായി പോകുന്നതും അവൾ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെ ചുരളഴിയുന്ന വിവരങ്ങളുമാണ് ആദ്യ പകുതി . കുറച്ച് കൂടി ചടുലവും ആമി എങ്ങനെ ഈ അവസ്ഥയിലെത്തി എന്ന ആമിയുടെ തന്നെ തുറന്നു പറച്ചിലുമാണ് നീർമാതളത്തിന്റെ രണ്ടാം പകുതിയിൽ പൂർണ്ണമാകുന്നത് .
തൊട്ടാൽ കൈപൊള്ളുന്ന ഒരു വിഷയമാണ് ഇരുപത്തിമൂന്ന് വയസ്സു മാത്രമുള്ള സംവിധായകൻ അമൽ കണ്ണനും തിരക്കഥാകൃത്ത് അനസ് നസീർ ഖാനും ആദ്യ സിനിമയ്ക്കായ് തിരഞ്ഞെടുത്തത് അതിൽ അവരെ അഭിനന്ദിക്കാതെ തരമില്ല . ഏഴോളം പ്രണയവും , മദ്യപിച്ച് ഹോസ്റ്റൽ വാർഡന്റെ തലയ്ക്കടിച്ച് പോലീസ് ലോക്കപ്പിലായി അവിടെ ആടുതോമയാകുന്ന നായികയെ ചങ്കൂറ്റത്തോടെ തന്നെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും എഴുപതോളം നവാഗതർ അതും പതിനാറിനും ഇരുപത്താറിനും ഇടയിൽ പ്രായമുള്ളവർ ശരിക്കും ഒരു സാഹസം തന്നെയാണ് ഈ സിനിമ.
തുടക്കകാരുടെ പോരായ്മകളൊക്കെ ചിലയിടങ്ങളിൽ ചൂണ്ടിക്കാണിക്കാമെങ്കിലും നമ്മൾ പ്രതീക്ഷിക്കുന്നതിലും മുകളിലാണ് അണിയറക്കാർ പ്രേക്ഷകന് നൽകുന്നത്.
സ്ഫടികം ജോർജ്, സിദ്ധാർത്ഥ് മേനോൻ എന്നിവരുടെ അതിഥി വേഷങ്ങൾ ഒഴികെ ബാക്കി എല്ലാ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ് . ആമി, മെറിൻ, അരുൺ, കാർത്തിക് , അൻവർ, പ്രാണ, അഖിൽ, ആർ ജെ ഷാൻ … തുടങ്ങി ചെറിയ വേഷങ്ങളിൽ വരുന്നവർ വരെ മലയാള സിനിമയിൽ പ്രതീക്ഷ നൽകുന്ന അഭിനേതാക്കളാകുന്നു . നായികയായ പ്രീതി ജിനോ മുൻനിര നടിമാരെ കടത്തിവെട്ടുന്ന അസാമാന്യ അഭിനയം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്.ഒൻപതോളം ഗാനങ്ങളാണ് ഈ സിനിമയിൽ എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങൾ . ശരിക്കും കഥയുടെ ഒഴുകിന് അനുയോജ്യമായ രീതിയിലാണ് സംവിധായകൻ ഗാനങ്ങളെ ചേർത്തിരിക്കുന്നത് ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതം എല്ലാം സിനിമയുടെ ആസ്വാദനത്തിന് മികവേ കുന്നു. പുതുമയുള്ള ഒരു കഥ നല്ല ഒതുക്കത്തോടെ അവതരിപ്പിച്ച നീർമാതളം പൂത്തകാലം എന്ന സിനിമ ധൈര്യമായി ടിക്കറ്റെടുത്ത് കാണാം .
Third Eye News Live
0