തട്ടിപ്പ് വീരൻ മോദി അറസ്റ്റിൽ: തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയ്ക്ക് ആശ്വാസം
സ്വന്തം ലേഖകൻ
ലണ്ടൻ: രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് പതിനായിരം കോടിയിലേറെ തട്ടിയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. ബുധനാഴ്ച രാവിലെ അറസ്റ്റിലായ മോദിയെ കോടതിയില്‍ ഹാജരാക്കും. നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിന്നിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഈ മാസം 25നു മോദിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നീരവ് മോദിയെ കൈമാറണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്.
2018ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണു നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിട്ടത്. ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും ദിവസം മുൻപ് പുറത്തുവന്നിരുന്നു. മോദി ലണ്ടനിൽ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
മോദിയെ അറസ്റ്റ ചെയ്യാനുള്ള ഉത്തരവ് പുറത്ത് വന്നത് ബിജെപി സർക്കാരിന് തിരഞ്ഞെടുപ്പ് കാലത്ത് ആശ്വാസമായിരിക്കുകയാണ്. നീരവ് മോദിയും , ലളിത് മോദിയും , വിജയ് മല്യയും അടക്കമുള്ള കോടീശ്വരന്മാരായ വ്യവസായികൾ ബാങ്കിനെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത് രാജ്യം വിട്ടത് ബി ജെ പി യ്ക്ക് കടുത്ത തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ ഇവർക്കെതിരെയുള്ള നടപടികൾ ആരംഭിച്ചത് ബിജെപിയ്ക്ക് ആശ്വാസമായിട്ടുണ്ട്.