നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്

നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്

സ്വന്തം ലേഖകൻ

കോട്ടയം: തന്റെ പ്രാണനായ കെവിന്റെ ഓർമ്മയിൽ ജീവിക്കുകയായിരുന്ന നീനു കഴിഞ്ഞ കുറെ ദിവസങ്ങളായി വീടിനു പുറത്തിറങ്ങിയിട്ടില്ല. കെവിനൊപ്പം കണ്ട സ്വപ്നങ്ങൾ നേടിയെടുത്ത് തന്റെ പ്രിയന്റെ ആത്മാവിനെ സന്തോഷിപ്പിക്കുവാൻ നീനു കോളേജിൽ പോവുകയാണ്. എല്ലാത്തിനും താങ്ങും തണലുമായി കെവിന്റെ മാതാപിതാക്കൾ ഒപ്പമുണ്ട്. രാവിലെ കെവിന്റെ ചിത്രത്തിനു മുമ്പിൽ അൽപനേരം നിന്ന് അനുവാദം വാങ്ങിയശേഷമാണ് പിതാവ് ജോസഫിനൊപ്പം നീനു കോളേജിലേക്ക് യാത്ര തിരിച്ചത്. മകൾക്ക് ഉച്ചഭക്ഷണം കൊടുത്തുവിടാൻ അമ്മ മേരിയും മറന്നില്ല. ജോസഫ് നീനൂവുമായി നേരെപോയി പ്രിൻസിപ്പലിനെ കണ്ട ശേഷം അവൾ കൂട്ടുകാരികൾക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നുചെന്നു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. കെവിനൊപ്പം അവൾ കണ്ട സ്വപ്‌നമായിരുന്നു സിവിൽ സർവീസ് നേടുക എന്നത. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഇനി നീനു സിവിൽ സർവീസ് പരിശീലനം പുനരാരംഭിക്കും. അവൾക്ക് പഠിക്കുവാനായുള്ള എല്ലാ പിന്തുണയും നൽകുമെന്നുള്ള ജോസഫിന്റെ വാക്കുകൾ തന്നെ അത് തെളിയിക്കുന്നു.