കോട്ടയം: ജീവനെടുത്തത് പാലത്തിൽ പൊങ്ങി നിൽക്കുന്ന കമ്പിയാ ? നാട്ടുകാരുടെ ഈ പറച്ചിലിന് അധികൃതർക്ക് പറയാൻ ഉത്തരമില്ല.
ശനിയാഴ്‌ച രാവിലെ ഇവിടെവെച്ച് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു. യുവാവ് മരിച്ചത് ഭാര്യ വീട്ടിൽ നിന്നും അടുക്കളകാണാൻ ബന്ധുക്കൾ എത്തുന്ന ദിവസമായിരുന്നു.
നീലിമംഗലം പാലത്തിലെ വിടവിൽ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങി കടുത്തുരുത്തി മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിൻ സെബാസ്റ്റിയൻ (28)ആണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ പാലത്തിൽ കമ്പികൾ തെളിഞ്ഞ് നിൽക്കാൻ തുങ്ങിയിട്ട് നാളുകളായി. പലപ്പോഴും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും അപകടത്തിൽപെടുന്നത് പതിവാണ്. നിരവധി തവണ അധികാരിളകുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
മോട്ടാർവാഹനവകുപ്പിനോട് പറയുമ്പോൾ അത് പൊതുമാരാമത്താണ് ചെയ്യുന്നതെന്ന് പറയുന്നു. ഇവരോട് പറയുമ്പോൾ അത് ബ്രിഡ്‌ജസ് ഡിവിഷനാണ് ചെയ്യുതെന്ന്. എന്തായാലും ഒരു ജീവൻ പൊലിഞ്ഞപ്പോൾ ജില്ലാ കലക്ടർ ഡോ. പി കെ ജയശ്രീ തന്നെ നേരിട്ടെത്തി നാട്ടുകാരുമായി സംസാരിച്ചു.
പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. ഗതാഗതക്രമീകരണത്തിന് പൊലീസിനെയും മോട്ടോർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി.
ആവശ്യമെങ്കിൽ പഴയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടാനും നിർദ്ദേശിച്ചു. സ്ട്രിപ്പ് സീൽ എത്തിക്കുന്നതിന് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചൊവ്വാഴ്ച അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ കഴിയുമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് പറഞ്ഞു. ഒരു ജീവൻ പൊലിഞ്ഞാലേ എന്തും നന്നാക്കൂ എന്ന അധികൃതരുടെ ഈ ചിന്ത ഇനിയെങ്കിലും മാറേണ്ടേ.