
സ്വന്തം ലേഖകൻ
കോട്ടയം: നീലിമംഗലത്ത് നിയന്ത്രണം വിട്ട പെട്ടി ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ചെ മീൻ വിൽപ്പനക്കാരനെ കാറിടിച്ചു തെറുപ്പിച്ചതിനു മീറ്ററുകൾ ദൂരെയായാണ് വ്യാഴാഴ്ച അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് കാലിനു പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ഇവിടെ പ്രാഥമിക ചികിത്സ നൽകി.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ നീലിമംഗലം ഭാഗത്തായിരുന്നു അപകടം. കുമാരനല്ലൂരിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു രണ്ടു വാഹനങ്ങളും. നീലിമംഗലത്ത് വച്ച്, ബൈക്കിനെ മറികടക്കാൻ മിനി ലോറി ശ്രമിച്ചു. ഇതിനിടെ മിനി ലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നി നീങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവഴി എത്തിയ വാഹനങ്ങളുടെ അടിയിൽ വീഴാതെ ഭാഗ്യം കൊണ്ടു മാത്രമാണ് യുവാവ് രക്ഷപെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമല്ല. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്.
രണ്ടു ദിവസം മുൻപാണ് നീലിമംഗലത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ മീൻവിൽപ്പനക്കാരന് പരിക്കേറ്റത്. കഴിഞ്ഞ വർഷം പന്ത്രണ്ടിലേറെ അപകടങ്ങളിലായി ഇവിടെ മാത്രം രണ്ടു പേരാണ് രിച്ചത്. അപകടം നിയന്ത്രിക്കാൻ നീലിമംഗലം പാലത്തിൽ മോട്ടോർ വാഹന വകുപ്പോ പൊലീസോ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.