പെരുമഴയിൽ രണ്ടായി പിളർന്ന് ഭൂമി; വിള്ളലുണ്ടായത് രണ്ട് കിലോമീറ്റർ ദൂരത്തിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി : പെരുമഴക്കും വെള്ളപ്പൊക്കത്തിനും ശേഷം ഭൂമിക്ക് വിള്ളലുണ്ടാകുന്നു. രണ്ടു കിേലാമീറ്റർ ദൂരത്തിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് പലയിടത്തും ഭൂമി വിണ്ടുകീറുന്നത്.നെടുങ്കണ്ടം, അടിമാലി, കട്ടപ്പന, മാങ്കുളം, മാവടി മേഖലകളിലാണ് ഇതു കൂടുതലായും കണ്ടെത്തിയത്. മഴക്കെടുതിയെ തുടർന്നു മലയിടിച്ചിൽ മുതൽ ഭൂമി വിണ്ടുകീറുന്നതും കുഴൽക്കിണറുകളിൽനിന്നു പുറത്തേക്കു ജലം തള്ളുന്നതും പോലുള്ള സംഭവങ്ങൾ വരെയാണ് ഉണ്ടായിരിക്കുന്നത്. കൂറ്റൻ മലകളുടെ ഭാഗങ്ങൾ ഇടിഞ്ഞു താഴ്‌വരകൾ രൂപപ്പെട്ടു. ഉരുൾപൊട്ടലിനോട് അനുബന്ധിച്ച് പല സ്ഥലങ്ങളിലും പുതിയ നീരുറവകളും തോടുകളും ഉണ്ടായി.
ഭൂമി വിണ്ടുകീറിയ മാവടിക്കു സമീപം 15 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. 30 ഏക്കർ കൃഷിഭൂമി നശിച്ചു. മാവടി, കാരിത്തോട്, പൊന്നമല 40 ഏക്കർ, ഇന്ദിര നഗർ, കാലാക്കാട്, പുതുവൽ, കൈലാസം എന്നിവിടങ്ങളിലാണു ഭൂമി വിണ്ടുകീറിയതിനു പിന്നാലെ ഉരുൾപൊട്ടലും ഉണ്ടായത്. മാവടി മേഖലയിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭൂമിക്കു വിള്ളലുണ്ടായതാണു ഗുരുതരമായ സംഭവം. മാവടിയിലുണ്ടായ അപൂർവ പ്രതിഭാസത്തിൽ ആശങ്കയിലായത് ആയിരക്കണക്കിനു കുടുംബങ്ങൾ. മേഖലയിൽ പഠനം നടത്തണമെന്ന ആവശ്യം ശക്തമായി. മഴ കനത്ത ദിവസങ്ങളിലാണു ഭൂമിക്കു വിള്ളൽ രൂപപ്പെട്ടത്. കൃഷിയിടങ്ങളുടെ നടുവിലൂടെയാണു വിള്ളൽ കടന്നുപോയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഭൂമി താഴ്ന്നതായും നാട്ടുകാർ പറയുന്നു. ഭൂമി വിണ്ടുകീറിയതിനെ തുടർന്ന് ഒരു വലിയ വീടാണു ഭൂമിക്കടിയിലേക്കു താഴ്ന്നത്. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണു ഭൂമിയുടെ വിള്ളൽ വർധിക്കുന്നത് അനുസരിച്ച് നിലംപൊത്താറായത്. ഒരുനില പൂർണമായും ഭൂമിക്കടിയിലായി. ചുറ്റുമുള്ള പ്രദേശങ്ങൾ വിണ്ടുകീറിയനിലയിലാണ്. രണ്ടു കിലോമീറ്ററിൽ അധികം പ്രദേശമാണ് ഭൂമി പിളർന്നു മാറിയിരിക്കുന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാൾ താഴ്ചയിൽ ഭൂമി ഇടിഞ്ഞു താഴ്ന്നനിലയിലാണ്.