play-sharp-fill
താമസിച്ച് കൊതിതീരും മുന്നേ വീട് മണ്ണിനടിയിൽ; നെഞ്ചു തകർന്ന് വീട്ടുകാർ

താമസിച്ച് കൊതിതീരും മുന്നേ വീട് മണ്ണിനടിയിൽ; നെഞ്ചു തകർന്ന് വീട്ടുകാർ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: പുതിയ വീട് നിർമ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയുള്ളൂ. താമസിച്ചു കൊതിതീരും മുന്നേ വീട് ഭൂമി കൊണ്ടുപോയി. കനത്ത മഴയിൽ ഭൂമി വിണ്ടുകീറി വീടിന്റെ ഒരു നില മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണ് ഭൂമിക്കടിയിലായത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം വീട് താഴ്ന്ന് പോകാൻ കാരണമെന്ന് കരുതുന്നു. മഴ ശക്തമായ വേളയിൽ വീടിന് വിള്ളൽ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു. വീട്ടുപകരണങ്ങളും മാറ്റി. മുകൾനില മാത്രമാണ് ഇപ്പോൾ കാണുന്നത്. ബാക്കി മണ്ണിനടിയിലാണ്. ഒരുമാസം മുമ്പാണ് വീട്ടിൽ താമസം തുടങ്ങിയത്. പ്രദേശത്ത് ഏറെ ദൂരം ഭൂമി വിണ്ടുകീറിയ നിലയിലാണ്. പല പ്രദേശങ്ങളിലും ഭിത്തികൾ തകർന്നു വീഴുന്നുണ്ട്. കനത്ത മഴ ജില്ലയിൽ കുറഞ്ഞിട്ടുണ്ട്. തൊടുപുഴ നഗരത്തിലേക്ക് കൂടുതൽ സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും എത്തിത്തുടങ്ങി. നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമം നേരിയ തോതിലുണ്ട്. ചില കടകളിൽ സാധനങ്ങൾ തീർന്നിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച മുതൽ ചരക്കുകൾ എത്തുമെന്നാണ് അറിയുന്നത്.