video
play-sharp-fill

റൊമാന്‍സ് കുമാരനും ചേര്‍ക്കോടന്‍ സ്വാമിയും കള്ളന്‍ പവിത്രനും ഉള്‍പ്പെടെ അനശ്വരരായി തുടരുന്ന നിരവധി കഥാപാത്രങ്ങള്‍; ചിലര്‍ക്ക് പകരം മറ്റൊരാളില്ലെന്നത് എത്ര സത്യമാണ്? നെടുമുടി വേണു അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം; ഓര്‍മ്മയുടെ ഒന്നാം കൊടുമുടിയില്‍ നെടുമുടി..!

റൊമാന്‍സ് കുമാരനും ചേര്‍ക്കോടന്‍ സ്വാമിയും കള്ളന്‍ പവിത്രനും ഉള്‍പ്പെടെ അനശ്വരരായി തുടരുന്ന നിരവധി കഥാപാത്രങ്ങള്‍; ചിലര്‍ക്ക് പകരം മറ്റൊരാളില്ലെന്നത് എത്ര സത്യമാണ്? നെടുമുടി വേണു അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം; ഓര്‍മ്മയുടെ ഒന്നാം കൊടുമുടിയില്‍ നെടുമുടി..!

Spread the love

ശ്രീലക്ഷ്മി സോമന്‍

”കുട്ടനാട്ടില്‍ ജനിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെയായത്. ഈ മണ്ണില്‍ ഇല്ലാത്ത കഥാപാത്രങ്ങളില്ല. ഇരുട്ടത്ത് പോലും ഒരാളുടെ ചുമയോ കാറലോ കേട്ടാല്‍ അതാരാണെന്ന് തിരിച്ചറിയാനാവും, അത്രയ്ക്ക് അടുപ്പമുണ്ട് ഇന്നാട്ടിലെ മനുഷ്യര്‍ തമ്മില്‍. വ്യത്യസ്തരായ കഥാപാത്രങ്ങളെ കണ്ട് സംവദിക്കാന്‍ ഇടമുണ്ട് ഇവിടെ. അതുകൊണ്ടു തന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും ഇഷ്ടം പോലെ സ്പെസിമെന്‍ എന്റെ കയ്യിലുണ്ട്..” മഹാപ്രതിഭകളുടെ പിറവിക്ക് പിന്നില്‍ ജനിച്ച ദേശത്തിന്റെ ജൈവാംശം ഉണ്ടാകുമെന്ന് പറയുന്നത് നെടുമുടി വേണുവിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്. സ്വയം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഓരോ കലാകാരന്റെയും വെല്ലുവിളി. ആ വെല്ലുവിളി നിസ്സാരമായി മറികടക്കാന്‍ നെടുമുടി വേണുവിന് കഴിഞ്ഞതില്‍ അദ്ദേഹത്തിന്റെ ജന്മനാടിനുള്ള പങ്ക് ചെറുതല്ല. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിലൂടെ കഥാപാത്രങ്ങള്‍ക്ക് ആവര്‍ത്തനം നല്‍കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

നെടുമുടി വേണുവിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് ഉത്തരമില്ല. എങ്കിലും ഓര്‍മ്മയില്‍ വേഗം ഓടിയെത്തിയ ചിലത് കുറിക്കാതെ വയ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളന്‍ പവിത്രന്‍- ഒരു സിവിലൈസ്ഡ് കള്ളന്‍

പങ്കാളിയുടെ അവിഹിതം കയ്യോടെ പിടികൂടിയാല്‍ സമനില വിട്ട് പെരുമാറുന്ന മനുഷ്യരാണ് അധികവും. എന്തിനധികം, പ്രണയം നിരസിച്ചാല്‍ പോലും അടിപിടി അക്രമമാണ്. അവിടെയാണ് പദ്മരാജന്റെ കള്ളന്‍ പവിത്രന്‍ ‘ civilized ‘ കള്ളനാകുന്നത്. നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ തന്നെ ഏറെ അടരുകളുള്ള ഒരു കഥാപാത്രം.

നാട്ടിലെ ചെറിയ ചെറിയ കളവുകളുമായി വീടുപുലര്‍ത്താന്‍ കഷ്ടപ്പെടുന്നവനാണ് പവിത്രന്‍. കള്ളന്‍ എന്ന പേരല്ലാതെ കാര്യമായ സമ്പാദ്യമൊന്നുമില്ല. ആദ്യഭാര്യയും രണ്ട് മക്കളുമിരിക്കെ തന്നെ അയാള്‍ ദമയന്തിയേയും പാതിപരസ്യമായി ഭാര്യയാക്കിയിരിക്കുന്നു. ഒരിക്കല്‍ അരിയാട്ടുമില്ല് നടത്തുന്ന മാമച്ചന്റെ കിണ്ടിയും മൊന്തയും പവിത്രന്‍ കട്ടു എന്ന് ആരോപണമുണ്ടായി. അത് അന്വേഷിക്കാന്‍ വന്ന മാമച്ചനുമായി ദമയന്തി അടുക്കുന്നു.

ഒരുദിവസം കട്ട മുതലൊക്കെ വിറ്റ് കാശാക്കി വീട്ടിലേക്ക് വന്ന പവിത്രന്‍ മാമച്ചനെയും ദമയന്തിയെയും ഒരുമിച്ചു കാണുന്നു. ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം പോക്കറ്റില്‍ നിന്ന് കുറച്ചു കാശ് എടുത്ത് മാമച്ചന്റെ മുഖത്തേക്ക് എറിഞ്ഞു..
‘മേലാല്‍ ഈ പടിക്കകത്ത് കേറിപ്പോകരുത് ‘ എന്ന താക്കീത് മാത്രം നല്‍കി. കിട്ടിയ മുണ്ടും ഷര്‍ട്ടുമൊക്ക എടുത്ത് മാമച്ചന്‍ സ്ഥലം വിട്ടു. ഒരുമിച്ചുള്ള പൊറുതി നിര്‍ത്തിയെന്ന് ദമയന്തിയോട് പറഞ്ഞ ശേഷം കൊച്ചിനുള്ള ചിലവ് കാശ് കൊടുത്ത് അടുത്ത ഭാര്യയുടെ അടുത്തേക്ക് !ഒറ്റ രാത്രി കൊണ്ട് ഒരു അവിഹിതബന്ധം പിടിക്കുന്നു. അത് സമ്യപനത്തോടെ തീര്‍പ്പാക്കുന്നു. വിവാഹബന്ധം വേര്‍പിരിയുന്നു… അക്രമവും രക്തച്ചൊരിച്ചിലും ഇല്ലാതെ കള്ളന്‍ പവിത്രന്‍ എത്ര മനോഹരമായാണ് ഈ രംഗം കൈകാര്യം ചെയ്തത്.

റൊമാന്‍സ് കുമാരന്‍- ലേഡീസ് സ്‌റ്റോറിലെ ചേട്ടന്‍

ഭരതന്റെ കേളി എന്ന ചിത്രത്തിലെ റൊമാന്‍സ് കുമാരന്‍ കഴിഞ്ഞ തലമുറയിലെ പെണ്ണുങ്ങള്‍ക്ക് സുപരിചിതനായിരുന്നു. സ്‌കൂള്‍- കോളേജ് പരിസരത്തോ സ്ഥിരമായി കയറുന്ന ഫാന്‍സി സ്റ്റോറിലോ ഒരു റൊമാന്‍സ് കുമാരന്‍ ഉറപ്പായും ഉണ്ടാവും. കോയമ്പത്തൂരില്‍ നിന്നും വരുത്തിയ വൈശാലി വളയും കരിമണി മാലയും നിരത്തി വച്ച് വാക് ചാതുരി കൊണ്ട് പെണ്‍കൊടികളെ കുടുകുടെ ചിരിപ്പിക്കാന്‍ പ്രേത്യേക വൈഭവമുള്ള ഒരാള്‍. അതിനിടയിലൂടെ കച്ചവടവും പൊടിപൊടിക്കും. വളയിട്ട് കൊടുക്കുമ്പോഴുള്ള അല്പസമയത്തെ ആനന്ദത്തില്‍ സ്വയം മതിമറക്കുന്ന സാധാരണ നാട്ടുമ്പുറത്ത്കാരന്‍. നാട്ടുമ്പുറത്തിന്റെ സകല കുടിലതകളും അല്പം നന്മയുമൊക്കെ ചേര്‍ന്ന ഒരു നിര്‍ദോഷി. മാനറിസം അല്പമൊന്ന് കൂടിയാലോ കുറഞ്ഞാലോ റൊമാന്‍സ് കുമാരന്‍ എന്ന കഥാപാത്രം അരോചകമായി മാറും എന്നത്തില്‍ തര്‍ക്കമില്ല. ജോണ്‍പൊളിന്റെ തൂലികയില്‍ വിരിഞ്ഞ ഒരു ഓര്‍ഡിനറി റൊമാന്‍സ് കുമാരന്‍ എക്‌സ്ട്രാ ഓര്‍ഡിനറിയായി സ്‌ക്രീനില്‍ നിറഞ്ഞു നിന്നത്, അത് നെടുമുടി വേണു ആയത് കൊണ്ട് മാത്രമാണ്.

ചേര്‍ക്കോടന്‍ സ്വാമി- ദി പ്രൊഫഷണല്‍ മന്ത്രവാദി

‘സ്വച്ഛ സ്വച്ഛ മന: പരാക്രമഗുണ വൈരു ക്ഷയ ക്ഷയ … ‘
കൂടോത്രം ചെയ്തവന്‍ ക്ഷയം വന്ന് കുരച്ച് കുരച്ച് ചാവും എന്നാണ് ചേര്‍ക്കോടന്‍ സ്വാമി പറയുന്നത്… മിഥുനം സിനിമയിലെ ചേര്‍ക്കോടന്‍ സ്വാമി ഒരു പ്രൊഫഷണല്‍ മന്ത്രവാദിയാണ്. നോക്കിലും നടപ്പിലും ചലനങ്ങളിലും അയാളത് സ്ഥാപിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും മുന്നേ ചേര്‍ക്കോടന്‍ സ്വാമിയുടെ ക്യാരക്ടര്‍ സ്‌കെച്ച് ഏകദേശം മനസിലാകും.

‘പാപിക്ക് പച്ഛാത്തപിക്കാന്‍ ഒരു ചെറുപഴുതുകൂടി. അന്തസ്സായി തെറ്റ് തുറന്ന് പറയൂ, നാം വെറുതേ വിടാം എന്ന് പറയുന്നിടത്ത് മന്ത്രവാദി ഫ്രോഡ് ആണെന്ന് അടിവരയിടുന്നുണ്ട്.

ഒടുവില്‍ പരിപാടി പൊളിയുമ്പോള്‍, താന്‍ എന്തിനാടൊ എന്റെ കയ്യീന്ന് തേങ്ങാ മേടിച്ചു ഉടച്ചത് എന്ന് ചോദിച്ചു കൊണ്ട് ചേര്‍ക്കോടന്‍ സ്വാമി മുണ്ട് മടക്കി കുത്തി ഒരു പെര്‍ഫോമന്‍സ് ഉണ്ട്. ആ രംഗത്തിന്റെ ചടുലത അവസാനിക്കുന്നത് തന്നെ ചേര്‍ക്കോടന്‍ സ്വാമിയുടെ ‘ആആആ..’ എന്ന ഒറ്റ വരിയിലാണ്….!


ഓര്‍മ്മകളറ്റ രമേശന്‍ നായരുടെ അച്ഛന്‍

മനസ്സില്‍ തങ്ങി നില്‍ക്കുന്ന അച്ഛന്‍ കഥാപാത്രങ്ങള്‍ വിരളമാണ് മലയാളത്തില്‍. മക്കളെ നോക്കേണ്ടതും സ്‌നേഹിക്കേണ്ടതും അവര്‍ക്ക് താങ്ങും തണലുമായി മാറേണ്ടതും അമ്മ മാത്രമാണെന്ന ധാരണ ഒരു കാലം വരെ സിനിമയിലും പ്രതിഫലിച്ചിരുന്നു. അത്തരം തോന്നലുകളെയൊക്കെ തിരുത്തിയത് തന്മാത്രയിലെ രമേശന്‍ നായരുടെ അച്ഛനാണ്.

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു വയോധികന്‍. അയാള്‍ക്ക് ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ല. വല്ലപ്പോഴും വീട്ടില്‍ വന്നുപോകുന്ന മകനും കുടുംബവുമാണ് അയാളുടെ ഏറ്റവും വലിയ സന്തോഷം.
അങ്ങനെയൊരു വരവില്‍ ലേഖയും രമേശനും അച്ഛനും അടുക്കളയില്‍ നില്‍കുമ്പോള്‍ ഹൃദ്യമായ ഒരു രംഗമുണ്ട്.

നല്ലൊരിഞ്ചിക്കറി കൂട്ടിയാല്‍ അമ്മയെ ഓര്‍ത്ത് കണ്ണീര് വരുന്ന ഭര്‍ത്താവിനെ ലേഖ കളിയാക്കുമ്പോള്‍ ആര്‍ദ്രമായി മകനെ നോക്കി, നെടുമുടി തുടരും, ‘അതങ്ങനെയാ.രുചീം,മണവുമൊന്നും ആര്‍ക്കും കൂടെ കൊണ്ടുപോകാന്‍ പറ്റത്തില്ലല്ലോ.അതൊക്കെ ഇവിടെയിങ്ങനെ കാണും’…. അമ്മ ഇല്ലാത്ത വീടുകളില്‍ വസിക്കുന്ന മനുഷ്യരുടെ ചങ്കില്‍ കൊള്ളും ആ ഒരുവരി…

ഒടുവില്‍, ഓര്‍മ്മയുടെ നടവരമ്പുകള്‍ തെറ്റി ബാല്യത്തിലേക്ക് പിന്നോട്ട് നടന്ന മകനെ, ചേര്‍ത്തു പിടിക്കുന്നുണ്ട് അയാള്‍. തണല്‍ കൊള്ളേണ്ട പ്രായത്തില്‍ മകനും കുടുംബത്തിനും തണല്‍ വൃക്ഷമായി നിന്ന് വെയില് കൊണ്ടൊരച്ഛന്‍. സ്‌നേഹവും നിസ്സഹായതയും വാത്സല്യവുമൊക്കെ അയാളുടെ കണ്ണിലും ശരീരഭാഷയിലും നിറഞ്ഞു നിന്നു. നെടുമുടി എന്ന നടനെ ആരും കണ്ടിട്ടുണ്ടാവില്ല ആ ചിത്രത്തില്‍, അത് രമേശന്‍ നായരുടെ അച്ഛനാണ്, അയാള്‍ അങ്ങനെയാണ്…!

ആലയ്ക്കല്‍ ഗോവിന്ദന്‍- കംപ്ലീറ്റ് കുട്ടനാട്ടുകാരന്‍

നെടുമുടി വേണു എന്ന കുട്ടനാട്ടുകാരനോട് ഏറ്റവും ചേര്‍ന്നു നിന്ന കഥാപാത്രം ജലോത്സവം എന്ന സിനിമയിലെ ആലയ്ക്കല്‍ ഗോവിന്ദനാണ്. എല്ലാ നാട്ടുമ്പുറത്തും കാണും അങ്ങനെയൊരു വ്യക്തി. ആര്‍ക്കും ഏത് നേരത്തും എന്ത് ആവശ്യത്തിനും മുന്നില്‍ നില്‍ക്കുന്ന ഒരു കാരണവര്‍. നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിക്കുന്ന ഒരാള്‍.

നാട്ടുകാരെ സഹായിച്ച് സഹായിച്ച് പാപ്പരായിട്ടും, പശമുക്കിയ മുണ്ട് ചുളിയാതെ, നെഞ്ച് വിരിച്ചു പ്രതാപത്തോടെ സ്വയം അവതരിപ്പിക്കുന്ന ആലയ്ക്കല്‍ ഗോവിന്ദന്‍. വള്ളം കളിയുടെ സര്‍വ്വ ചെലവും ഏറ്റെടുത്തു നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ സഹായിച്ചവരുടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങി, മാനസിക നില തെറ്റി ഒടുവില്‍ മരണത്തിന് മുന്നില്‍ മുട്ട് മടക്കിയ മനുഷ്യന്‍..

‘അതൊരു ആവേശമാണ് കായലോളങ്ങളെ മുറിച്ചു കുതിച്ചു കയറുന്ന ചുണ്ടന്‍ വള്ളത്തെ നില്‍ക്കുന്നതിന്റെ ഒരു സന്തോഷം ഉണ്ടല്ലോ.. അത് ഞങ്ങളുടെ കുട്ടനാട്ടു കാരുടെ സ്വകാര്യ സ്വത്താണ്.. ഒരേ താളത്തില്‍ ഒറ്റ മനസ്സോടെ തുഴഞ്ഞു കയറുമ്പോള്‍ ഞങ്ങള്‍ എല്ലാരും ഒന്നാണ് എന്ന് കാട്ടികൊടുക്കുകയാണ്..അതെ അല്ലെങ്കിലും ഞങ്ങളുള്‍ എല്ലാം ഒന്ന് തന്നെയാണ്.. അങ്ങനെ വലിയ ആഗ്രഹങ്ങള്‍ ഒന്നും ബാക്കിയില്ല കുട്ടനാട്ടില്‍ ജനിച്ചു കുട്ടനാട്ടുകാരനായി വളര്‍ന്നു ഇനി ഈ നാടിന്റെ മണ്ണിലേക്ക് തന്നെ…. അത്രയുള്ളു…’
ആലയ്ക്കല്‍ ഗോവിന്ദനും നെടുമുടി വേണുവും രണ്ടല്ലെന്ന് തോന്നിപോകും.

തമ്പ്

ഗാനരംഗങ്ങള്‍ നെടുമുടി വേണുവിനോളം സ്വാഭാവികമായി അഭിനയിക്കുന്ന വേറൊരാളില്ല. ജി. അരവിന്ദന്റെ തമ്പ് എന്ന സിനിമയില്‍ ഞെരളത്ത് രാമപ്പൊതുവാളിനൊപ്പമുള്ള ഒരു രംഗം മാത്രം മതി അതിനുദാഹരണം, അന്ന് അയാളൊരു പുതുമുഖമായിരുന്നു എന്നോര്‍ക്കണം!

അതിരു കാക്കും മലയൊന്ന് തുടുത്തേ
തക തക തെയ് തക താ
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്‍ പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒലിച്ചേ
തക തക തെയ് തക താ…

ആശാനേ, ഇനിയുമുറക്കെ ഉറക്കെ പാടുക, രാത്രികളില്‍ ഞങ്ങള്‍ കാതോര്‍ക്കാം…!!!