play-sharp-fill
നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്യും; റീ പോസ്റ്റ്മാർട്ടം തിങ്കളാഴ്ച; കസ്റ്റഡിയിൽ കഴിയുന്ന എ.എസ്.ഐയ്ക്ക് ഹൃദയാഘാതം

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്യും; റീ പോസ്റ്റ്മാർട്ടം തിങ്കളാഴ്ച; കസ്റ്റഡിയിൽ കഴിയുന്ന എ.എസ്.ഐയ്ക്ക് ഹൃദയാഘാതം

സ്വന്തം ലേഖകൻ

പീരുമേട്: സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതി രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പോ്‌സ്റ്റ്‌മോർട്ടം ചെയ്യും. ഇതിനിടെ നെടുങ്കണ്ടം കസ്റ്റഡിമരണ കേസിലെ പ്രതിയായ എ.എസ്.ഐ റോയി പി. വർഗീസിനെ (54) ഹൃദയാഘാതത്തെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിനെ മൂന്നാംമുറക്കു വിധേയമാക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ റോയി വർഗീസിനെ ദേവികുളം സബ്ജയിലിൽനിന്നു ശനിയാഴ്ച വൈകിട്ട് 6.30നാണു മെഡിക്കൽ കോളജിൽ എത്തിച്ചത്.
കസ്റ്റഡിക്കൊല അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പിൻറെ സാന്നിധ്യത്തിലായിരിക്കും രാജ്കുമാറിന്റെ പോസ്റ്റുമോർട്ടം നടപടികൾ നടക്കുന്നത്. ഇതിനായി ഫൊറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.

രാജ്കുമാറിൻറെ മൃതദേഹം സംസ്‌കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദ്ദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ കൃ്ത്യമായ വിവരങ്ങളില്ലെന്ന് ജുഡീഷ്യൽ അന്വഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കുകളുടെ പഴക്കം കണ്ടെത്താതിരുന്നത് മുതൽ ആന്തരാവയവങ്ങൾ പരിശോധനക്ക് എടുക്കാതിരുന്നതുവരെയുള്ള ഗുരുതര വീഴ്ചകൾ പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യൽ കമ്മീഷൻ രണ്ടാം പോസ്റ്റുമോർട്ടത്തിന് തീരുമാനിച്ചത്.

വാരിയെല്ലുകളിൽ ഏറ്റ പരുക്കാണ് പ്രധാനമായും റീപോസ്റ്റ്മോർട്ടത്തിൽ പരിശോധിക്കുന്നത്. ഇത് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്.

വാരിയെല്ലുകൾ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമർത്തി സിപിആർ കൊടുത്തപ്പോൾ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി. മുതിർന്ന പോലീസ് സർജന്മാരായ പിബി ഗുജ്‌റാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ എ.കെ ഉന്മേഷും ചേർന്നാണ് രണ്ടാംവട്ട പോസ്റ്റുമോർട്ടം നടത്തുന്നത്.

ഇതിനിടെ ആശുപത്രിയിൽ എത്തിയ റോയിയെ കാർഡിയോളജി വിഭാഗത്തിൽ വിദഗ്ധപരിശോധന നടത്തി രാത്രി 10.30ന് ആശുപത്രിയിൽ അഡ്മിറ്റാക്കുകയായിരുന്നു.

ഇതിനിടെ ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച്. തട്ടിപ്പിന് ഇരയായവരിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. രാജ്കുമാറും സംഘവും വായ്പ വാഗ്ദാനം ചെയ്ത് 1000 രൂപ മുതൽ 10,000 രൂപ വരെ സർവീസ് ചാർജ് ഈടാക്കിയവരിൽനിന്നാണ് മൊഴിയെടുത്തത്. പരാതി നൽകാൻ തയാറാകാതിരുന്നവരെ കണ്ടെത്തിയും മൊഴിയെടുക്കുന്നുണ്ട്.

വായ്പയ്ക്ക് അപേക്ഷിച്ചു പണം നഷ്ടപ്പെട്ടവർ അന്വേഷണസംഘവുമായി ബന്ധപ്പെടണമെന്നും ഇതുവരെ ബന്ധപ്പെടാത്തവർ രേഖകളുമായി നെടുങ്കണ്ടം പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ ക്രൈംബ്രാഞ്ച് താൽക്കാലിക ഓഫീസിലെത്തണമെന്നും ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: അറിയിച്ചു. ഫോൺ: 9497990204.

ഇടത്തരക്കാരായ വനിതകളെമാത്രം ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഹരിത ഫിനാൻസിന്റെ തൂക്കുപാലം ഓഫീസിൽനിന്നു കണ്ടെത്തിയ രേഖകളിൽ ഇടപാടുകാരുടെ കാര്യമായ വിവരങ്ങളൊന്നുമില്ല. പണം എങ്ങോട്ടു പോയെന്ന അന്വേഷണമാണ് അന്വേഷണസംഘം നടത്തുന്നത്. അപേക്ഷകരെ കണ്ടെത്തി, നഷ്ടപ്പെട്ട സർവീസ് ചാർജിന്റെ കണക്കും ശേഖരിക്കുന്നുണ്ട്. നെടുങ്കണ്ടം പോലീസ് ശേഖരിച്ച രേഖകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്.