play-sharp-fill
നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകം: പൊലീസിന് കുരുക്ക് മുറുക്കി രണ്ടാം പോസ്റ്റ്‌മോർട്ടവും; രണ്ടാം പോസ്റ്റ്‌മോർട്ടത്തിലും ക്രൂരമായ മർദനത്തിന്റെ പാടുകൾ

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകം: പൊലീസിന് കുരുക്ക് മുറുക്കി രണ്ടാം പോസ്റ്റ്‌മോർട്ടവും; രണ്ടാം പോസ്റ്റ്‌മോർട്ടത്തിലും ക്രൂരമായ മർദനത്തിന്റെ പാടുകൾ

സ്വന്തം ലേഖകൻ
 കാഞ്ഞിരപ്പള്ളി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായി രണ്ടാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കണ്ടെത്തൽ. ക്രൂരമായ മർദനത്തിനാണ് രാജ്കുമാർ ഇരയായതെന്നു വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് രണ്ടാമത്തെ പോസറ്റ്‌മോർട്ടത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ അദ്ധ്യക്ഷ ജസ്റ്റിസ് നാരായണക്കുറുപ്പ് പുറത്ത് വിട്ടിരിക്കുന്നത് . രാജ്കുമാർ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് ആദ്യ പോസ്റ്റ്‌മോട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ന്യൂമോണിയ ആണെന്ന് ഉറപ്പിക്കാൻ ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാരണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നത്. ന്യൂമോണിയ ആണ് എന്ന് ഉറപ്പിക്കാനുള്ള മാർഗങ്ങളൊന്നും രണ്ടാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉപയോഗപ്പെടുത്തിയിട്ടുമില്ല. വാരിയെല്ലിനുണ്ടായ പൊട്ടൽ സിപിആർ നൽകിയപ്പോൾ ഉണ്ടായതാണെന്നാണ് ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശം. എന്നാൽ, ഇത്തരത്തിൽ അല്ലെന്നാണ് ഇപ്പോൾ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നിന്നും ലഭിക്കുന്ന സൂചന.
മൃതദേഹത്തിലെ പരിക്കുകളുടെ പഴക്കവും, ആന്തരീക അവയവങ്ങളുടെ സാമ്പുളുകളും ശേഖരിച്ചിട്ടുണ്ട്. ഇത് രണ്ടാം പോസ്റ്റ്‌മോർട്ടത്തിലാണ് ചെയ്തത്. ആദ്യം ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. രണ്ടാം പോസ്റ്റ്‌മോർട്ടിൽ രാജ്കുമാറിന്റെ നെഞ്ചിലും വയറിലും കൂടുതൽ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. മർദനം മൂലമുണ്ടാകാവുന്ന പരിക്കുകളാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലുകൾ ബലം പ്രയോഗിച്ച് അകറ്റുമ്പോൾ ഉണ്ടാകാവുന്നതിനു സമാനമായ പരിക്കുകൾ തുടകളിലും ഇടുപ്പിലും കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ പരിക്കുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാജ്കുമാറിന്റെ മൃതദേഹം വാഗമൺ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ പൊലീസ് സർജന്മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.  റീപോസ്റ്റ്‌മോർട്ടം ചെയ്തു. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ ആവശ്യപ്രകാരമാണ് മൃതദേഹം സംസ്‌കരിച്ച് 38 ദിവസങ്ങൾക്ക് ശേഷം പുറത്തെടുത്തത്.
ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് , ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ് , മുൻ ആർ.ഡി.ഒ. എൻ.വിനോദ്, പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കൃഷ്ണപ്രഭൻ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ് മോഹൻ, കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തലവൻ ജോൺസൻ ജോസഫ്, പൊലീസ് സർജൻമാരായ ഡോ. പ്രസന്നൻ, ഡോ. ഉന്മേഷ് , ടി.ബി. ഗുജ്‌റാൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.