play-sharp-fill
നെടുങ്കണ്ടം ഉരുട്ടിക്കൊല ; ഒരു പൊലീസുകാരൻകൂടി അറസ്റ്റിൽ

നെടുങ്കണ്ടം ഉരുട്ടിക്കൊല ; ഒരു പൊലീസുകാരൻകൂടി അറസ്റ്റിൽ

സ്വന്തം ലേഖിക

ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാൻഡിലുണ്ടായിരുന്ന പ്രതി മരിച്ച സംഭവത്തിൽ ഒരു പോലീസുകാരനെ കൂടി കസ്റ്റഡിയിൽ എടുത്തതായി സൂചന. മരിച്ച രാജ്കുമാറിനെ ക്രൂരമായി മർദിച്ച പോലീസുകാരിൽ ഒരാളായ ഡ്രൈവർ നിയാസാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.നെടുങ്കണ്ടത്തെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിൽ നിയസിപ്പോഴുള്ളത്.സംഭവദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരെയും ക്രൈംബ്രാഞ്ച് ഇതിനകം ചോദ്യം ചെയ്‌തെങ്കിലും സസ്‌പെൻഷനിലുള്ള ഒരു എഎസ്ഐയെയും ഡ്രൈവറെയും ചോദ്യം ചെയ്തിട്ടില്ല. ഓരോ പോലീസുകാരെയും മൂന്നും നാലും തവണയാണ് ചോദ്യം ചെയ്യുന്നത്. പലരുടെയും മൊഴികളിൽ വൈരുധ്യവും കണ്ടെത്തിയിട്ടുണ്ട്.മൊഴികളിലെ വൈരുധ്യത്താലാണ് പലരുടെയും അറസ്റ്റ് വൈകുന്നത്. ഒന്നരക്കോടി രൂപയുടെ സാമ്പത്തികതട്ടിപ്പ് നടന്നതായുള്ള വിവരത്തിൻറെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം പോലീസ് രാജ്കുമാറിനെ ക്രൂരമായി മർദിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തൂക്കുപാലം ഹരിത ഫിനാൻസിൽനിന്നും രാജ്കുമാറിൻറെ വീട്ടിൽ നിന്നും ശാലിനി, മഞ്ജു എന്നിവരുടെ പക്കൽനിന്നും ലഭിച്ച രേഖകളിൽ ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് നെടുങ്കണ്ടം പോലീസ് കണ്ടെത്തിയിരുന്നത്. ഈ തുക കണ്ടുപിടിക്കുന്നതിനായി രാജ്കുമാറിനെ മൃഗീയമായി പോലീസുകാർ മർദ്ദിക്കുകയായിരുന്നു.