കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കും
സ്വന്തം ലേഖകൻ
കൊച്ചി : കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കുമെന്ന് സൂചന. ദുബായ് എമിറേറ്റ്സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് ഇയാൾ ശ്രമം നടത്തിയത്. വിമാനത്താവളത്തിലെ പരിശോധനകൾ എല്ലാം പൂർത്തിയാക്കിയാണ് ഇയാൾ ചെക്ക് ഇൻ ചെയ്ത് വിമാനത്തിൽ കയറിയത്. ഇയാൾ അടക്കം 19 അംഗ സംഘമാണ് ദുബായിലേക്ക് കടക്കാൻ നോക്കിയത്.
ഇതിനിടെ ബ്രിട്ടീഷ് പൗരൻ കൊവിഡ് ബാധിതനാണെന്ന വിവരം മനസിലാക്കുന്നത്. തുടർന്ന് വിദേശിസംഘത്തെയും വിമാനത്തിൽ കയറിയിരുന്ന 270 യാത്രക്കാരെയും വിമാനത്തിന് പുറത്തിറക്കി. കൊറോണ ബാധിതനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷനിലേക്ക് മാറ്റുമെന്നാണ് സൂചന. വിമാനയാത്രക്കാരെ പരിശോധനയ്ക്കും നിരീക്ഷണത്തിലുമാക്കാനും തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രിട്ടീഷ് സ്വദേശിയും സംഘവും മാർച്ച് രണ്ടിനാണ് സംസ്ഥാനത്തെത്തിയത്. ഏഴാം തീയതി ഇയാളും സംഘവും മൂന്നാറിലുണ്ടായിരുന്നു. മൂന്നാർ ടീ കൗണ്ടിയിലാണ് ഇയാളും സംഘവും മൂന്നാറിൽ അവധിക്കാലം ചെലവഴിക്കാനെത്തിയത്. ഇറ്റലി-ദോഹ-കൊളംബോ വഴിയാണ് ഇയാൾ കേരളത്തിലെത്തിയത്.
പത്താംതീയതി മുതൽ ഇയാൾ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നുവെന്ന് മൂന്നാർ പൊലീസ് പറഞ്ഞു. ആദ്യ ടെസ്റ്റ് കൊവിഡ് നെഗിറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ടെസ്റ്റ് ഫലം വരെ പുറത്തുപോകരുതെന്നായിരുന്നു നിർദേശം നൽകിയത്. രണ്ടാം ടെസ്റ്റിലാണ് ബ്രിട്ടീഷ് പൗരൻ കൊവിഡ് പോസ്റ്റീവ് ആണെന്ന് തെളിഞ്ഞത്. ഇതിനിടെ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണത്തിൽ നിന്നും പുറത്തുചാടി ഇയാൾ നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. കൊറോണ ബാധിതനും സംഘവും രാജ്യം വിടാൻ ശ്രമിച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.