കുഞ്ഞിന് പാലു കൊടുക്കാൻ പോലും പറ്റുന്നില്ല; സിസേറിയനു ശേഷം ജനനേന്ദ്രിയത്തിലൂടെ വിസർജ്യം; നരകയാതനയിൽ യുവതി

Spread the love

നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്കു പോകുന്നതിനെത്തുടർന്ന് ദുരിതാവസ്ഥയിൽ. ഇതിനു പരിഹാരമായി ‘സ്റ്റോമ ബാഗ്’ വയറിനു പുറത്ത് ഘടിപ്പിച്ച് വിസർജ്യവസ്തുക്കൾ പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടറുടെ നിർദേശം.

video
play-sharp-fill

ജൂൺ 19ന് സിസേറിയനു വിധേയയായ യുവതിക്ക് പ്രശ്നമുണ്ടായതിനെത്തുടർന്ന് ജൂലൈ 30ന് സ്റ്റോമ ബാഗ് ശരീരത്തിൽ ഘടിപ്പിച്ചു. എന്നിട്ടും ജനനേന്ദ്രിയത്തിൽ കൂടി വിസർജ്യം പുറത്തുവരുന്നതു തുടരുകയാണ്. വേദനയുമുണ്ട്. വിവാഹം കഴിഞ്ഞ് 4 വർഷത്തിനു ശേഷം ജനിച്ച 7 മാസം പ്രായമായ കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് യുവതി.

സിസേറിയൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റി 3 ദിവസം കഴിഞ്ഞപ്പോഴാണു തുന്നൽ ഇട്ട ഭാഗത്തു കൂടിയാണ് വിസർജ്യം പോകുന്നതെന്നു തിരിച്ചറിയുന്നത്. മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ, മുറിവ് ഉണങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം നാൾ ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തിയപ്പോഴും സ്ഥിതി തുടർന്നു. ഒപ്പം കടുത്ത വേദനയും. ഒരാഴ്ച കഴിഞ്ഞു ഡോക്ടറെ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.

ജൂലൈ 14ന് ഡോക്ടർ തന്നെ ആംബുലൻസ് വിളിച്ച് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടർന്നാണ് സ്റ്റോമ ബാഗ് ഘടിപ്പിച്ചത്. സിസേറിയൻ സമയത്തു ജനനേന്ദ്രിയത്തിന്റെ ഭാഗത്തുണ്ടാക്കിയ മുറിവു ഭേദമായാൽ അതുവഴി വിസർജ്യം പുറത്തു വരുന്നതു നിലയ്ക്കും. എന്നിട്ട് ബാഗ് മാറ്റുമ്പോൾ വിസർജ്യം സാധാരണരീതിയിൽ പുറത്തുപോകേണ്ടതാണ്.

അതിനായി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ഒക്ടോബർ 22നു യുവതിക്ക് പ്ലാസ്റ്റിക് സർജറി നടത്തി. എന്നാൽ അതു ഫലം ചെയ്തില്ല. തുടർന്ന് കുടലിന്റെ കൂടുതൽ ഭാഗം ശരീരത്തിന് പുറത്തു വയ്ക്കാനുള്ള ശസ്ത്രക്രിയ നവംബർ 5ന് ചെയ്തു. 11നു വീട്ടിൽ എത്തിയിട്ടും വേദന കുറഞ്ഞില്ല. ഡിസംബർ 6നു വീണ്ടും അഡ്മിറ്റ് ആയി. 23 വരെ ആശുപത്രിയിൽ തുടർന്നെങ്കിലും പരിഹാരമായില്ല.

ജനനേന്ദ്രിയഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും അതിനു 3 മാസം കാത്തിരിക്കണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതുവരെ വേദന സഹിക്കണമെന്നും പറഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ വയറിന്റെ ഇടതു ഭാഗത്ത് കൂടി പഴുപ്പ് ഒലിക്കാൻ തുടങ്ങി. അസഹ്യമായ വേദന കാരണം യുവതി കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് സ്റ്റോമ ബാഗിന്റെ സ്ഥാനം മാറ്റി.

ഇനിയും രണ്ടു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കു പണമില്ലാതെ വലയുകയാണ് യുവതിയുടെ കുടുംബം.

സംഭവത്തിൽ യുവതി പരാതി നൽകിയതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

യുവതി മുഖ്യമന്ത്രിക്കു നൽകിയ പരാതി അന്വേഷിക്കുന്നതിനായി അഡിഷനൽ ഡിഎംഒ, ആർസിഎച്ച് ഓഫിസർ, ജില്ലാ നഴ്സിങ് ഓഫിസർ എന്നിവരടങ്ങുന്ന ടീം ഇന്ന് ആശുപത്രിയിൽ എത്തും. ഇന്നു 11ന് ചികിത്സ രേഖകളുമായി ഹാജരാകണമെന്നു യുവതിയെ ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രിയിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി 6ന് രാവിലെ സൂപ്രണ്ടിന്റെ ചേംബറിലെത്തണമെന്നു ജില്ലാ ആശുപത്രി സൂപ്രണ്ടും യുവതിക്കു കത്ത് നൽകിയിട്ടുണ്ട്.