
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തെ തുടർന്ന് ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിനെതിരെ കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ) സമരം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധത്തിലാണ്. നാളെയും ഒപി സേവനം ഉണ്ടായിരിക്കില്ലെന്ന് സംഘടന അറിയിച്ചു.
ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. കൂടാതെ, മറ്റന്നാൾ തിരുവനന്തപുരം ജില്ലയിലുടനീളം ഒപി ബഹിഷ്കരണം നടത്തുമെന്ന് കെജിഎംഒഎ അറിയിച്ചു.
ഡോ. ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കുക, ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വീഴ്ച കണ്ടെത്തിയതായി വിദഗ്ധ പരിശോധനയിൽ വ്യക്തമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെ തുടർന്ന് ആദ്യം ഡോക്ടറെ കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ വിവാദം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട ചികിത്സാപിഴവിനൊപ്പം കൈക്കൂലി ആരോപണവും ഉയർന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.



