
സ്വന്തം ലേഖകൻ
ഇടുക്കി: മുൻ എസ്.പി വേണുഗോപാലിന്റെ പങ്ക് സുവ്യക്തമായ നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകത്തിന്റെ നേരറിയാൻ സി.ബി.ഐ തന്നെ വരണമെന്ന ആവശ്യം ശക്തമാകുന്നു. കേസിൽ നിലവിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം വെറും പ്രഹസനമാകുമെന്നാണ് ഇതു വരെ സംസ്ഥാനത്ത് നടന്ന ജുഡീഷ്യൽ അന്വേഷണങ്ങളെല്ലാം വ്യക്തമാക്കുന്ന്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികൾ അടക്കമുള്ളവർ നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലക്കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത്. ഇത് യഥാർത്ഥത്തിൽ സർക്കാരിനെയും പൊലീസിനെയും ഒരു പോലെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷണം അല്ലാതെ മറ്റൊരു മാർഗവും നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കൊലപാതകത്തിൽ മുന്നോട്ട് വയ്ക്കാനില്ല. ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെയാണ് കേസിലെ പ്രതിയായ രാജ്കുമാറിനെ നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചതാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. രാജ്കുമാറിനെ മർദിച്ച പൊലീസുകാരിൽ ഒരാൾ ജില്ലാ പൊലീസ് മേധാവിയുടെ മൊബൈൽ ഫോണിലേയ്ക്ക് നാലു ദിവസവും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കേസിനു പിന്നിൽ ഉന്നതതല ഗൂഡാലോചന തന്നെ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങൾ പുറത്തു വരണമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തോടെ മാത്രമേ സാധിക്കൂ. 300 സ്വാശ്രയ സംഘങ്ങളിൽ നിന്നും പ്രതി രാജ്കുമാറും സംഘവും വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് കേസ്. ഇതിൽ പണത്തിന്റെ ഉറവിടം ഏതു വിധേയനയും കണ്ടെത്തണമെന്നാണ് ജില്ലാ പൊലീസ് മേധാവി വേണുഗോപാൽ അന്വേഷണ സംഘത്തിന് നൽകിയിരുന്ന നിർദേശം. പണം പോയ വഴി കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ നിർദേശം നൽകിയിരുന്നത്.
സാധാരണക്കാരുടെ മാത്രം പണമാണ് ഉൾപ്പെട്ടിരുന്നതെങ്കിൽ ഒരു ജില്ലാ പൊലീസ് മേധാവി ഇത്രത്തോളം താല്പര്യമെടുത്ത് കേസിൽ ഇടപെടേണ്ട കാര്യമുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. കേസിൽ എസ്.പി നടത്തിയ ഇടപെടലുകൾ സംശയാസ്പദമാണ്. ഈ സാഹചര്യത്തിൽ മറ്റെന്തെങ്കിലും താല്പര്യമുണ്ടോ രാജ്കുമാറിന്റെ ലോക്കപ്പ് മരണത്തിന് പിന്നിലെന്നാണ് പ്രധാനമായും കണ്ടെത്തേണ്ടത്.
പൊലീസിനോടു വിധേയത്വമുള്ള പൊലീസിലെ തന്നെ മറ്റൊരു വിഭാഗമായ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചാൽ ഈ സംഭവത്തിലെ സത്യം മനസിലാക്കാൻ സാധിക്കില്ല. കേരളത്തിൽ ഇതുവരെയുള്ള സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിന്റെ കഥ മലയാലികൾക്ക് എല്ലാം അറിയാവുന്നതുമാണ്. സോളാർ കേസിലും, ഏറ്റവും ഒടുവിൽ പത്രക്കാരും അഭിഭാഷകരും തമ്മിൽ തല്ലിയതിലും അടക്കം സർക്കാരിന്റെ പണം ചിലവായത് ഒഴിച്ചാൽ ബാക്കിയൊരു കേസിലും ജുഡീഷ്വൽ അന്വേഷണം കൊണ്ടു പ്രയോജനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും നെടുങ്കണ്ടം കൊലപാതകം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശ്കതമാകുന്നത്.