നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതി എസ്.ഐ സാബുവിന് ആശുപത്രിയിൽ സുഖവാസം; പ്രതികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം; മർദിച്ചു പോയെന്ന് പ്രതികൾ; കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മൊഴി

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതി എസ്.ഐ സാബുവിന് ആശുപത്രിയിൽ സുഖവാസം; പ്രതികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം; മർദിച്ചു പോയെന്ന് പ്രതികൾ; കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മൊഴി

സ്വന്തം ലേഖകൻ

പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്.ഐ സാബുവിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖവാസം. കാര്യമായ അസുഖങ്ങളോ, രോഗങ്ങളോ ഇല്ലാത്ത സാബുവിനെ ജയിലിൽ അടയ്ക്കാതിരിക്കുന്നതിനു വേണ്ടി ഇല്ലാത്ത രോഗത്തിന്റെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തലകറങ്ങിവീണ സാബുവിനെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടെങ്കിലും, ഇപ്പോഴും ഹൃദ്രോഗ വിഭാഗത്തിൽ കഴിയുകയാണ്.
പ്രാഥമിക പരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയക്ക് മാറ്റിയത്. സാബു നേരത്തേ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും ഇപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. അസ്വസ്ഥതയുണ്ടെന്ന് സാബു അറിയിച്ചതിനെ തുടർന്ന് ഹൃദ്രോഗ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ ജയിൽവാസം ഒഴിവാക്കാനുള്ള പൊലീസിന്റെ സഹായമാണ് ഇപ്പോൾ ലഭിച്ചതെന്നാണ് ആരോപണം.
ഇതിനിടെ റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായ നെടുങ്കണ്ടം എസ്.ഐ കെ.എ. സാബുവിനെയും സി.പി.ഒ സജീവ് ആന്റണിയെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാജ്കുമാറിനെ മർദ്ദിച്ചെന്ന് രണ്ട് പേരും അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി.

ഇരുവർക്കുമെതിരെ 302, 331, 343, 34 എന്നീ വകുപ്പുകൾ പ്രകാരം കൊലക്കുറ്റം, കസ്റ്റഡിയിൽ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കൽ, അന്യായമായി കസ്റ്റഡിയിൽ വയ്ക്കൽ, ഒന്നിൽക്കൂടുതൽ പേർ ചേർന്ന് മർദ്ദിക്കൽ എന്നിവയാണ് ചാർജ് ചെയ്തിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ അറസ്റ്റ് ചെയ്യുകയാണെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചപ്പോൾ സാബു കുഴഞ്ഞുവീണു. തുടർന്ന് സാബുവിനെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. രക്തസമ്മർദ്ദം കുറയുകയും ഇ.സി.ജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സജീവിനെ പീരുമേട് കോടതിയിൽ ഹാജരാക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും കുറ്റസമ്മതമൊഴിയും കണക്കിലെടുത്താണ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. പരിശോധന പൂർത്തിയായാൽ ഉടൻ ഇവർക്കെതിരെ വകുപ്പ് തല നടപടികൾ ഉൾപ്പെടെ ഉണ്ടാകും. കഴിഞ്ഞ 25 നാണ് അറസ്റ്റിലായ എസ്.ഐയും സി.പി.ഒയുമടക്കം എട്ട് പേരെ കൊച്ചി റേഞ്ച് ഐ.ജി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 26ന് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സസ്‌പെൻഷനിലുള്ള ബാക്കിയുള്ളവരും അറസ്റ്റിലായേക്കും എന്നാണ് സൂചന. ജൂൺ 12ന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാല് ദിവസം ഉറങ്ങാൻ പോലും അനുവദിക്കാതെ പൊലീസ് മദ്യലഹരിയിൽ മർദ്ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്ന് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയുടെ ആരോഗ്യനില വഷളായി 21ന് മരണമടയുകയായിരുന്നു. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണകാരണമെങ്കിലും ക്രൂരമർദ്ദനമേറ്റതിന്റെ വ്യക്തമായ സൂചനകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. അതത് ദിവസത്തെ വിവരങ്ങളും കണ്ടെത്തലുകളും അന്വേഷണ സംഘം ഡി.ജി.പിയെ ധരിപ്പിക്കുന്നുണ്ട്.