ഇത് അവസാനത്തെ അവസരമാണ്, കൂടെനിന്നില്ലെങ്കില്‍ അയോഗ്യരാക്കും ; ശശീന്ദ്രനും തോമസ് കെ തോമസിനും മുന്നറിയിപ്പ് നൽകി എൻ സി പി നേതൃത്വം

Spread the love

ഡല്‍ഹി: താക്കീതിലൂടെ മന്ത്രി എ.കെ. ശശീന്ദ്രനേയും തോമസ് കെ.തോമസ് എംഎല്‍എയേയും ഒപ്പം നിർത്താൻ നീക്കം സജീവമാക്കി എൻസിപി അജിത് പവാർ പക്ഷം.

പാർട്ടി പറയുന്നതൊന്നും കേള്‍ക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കുകയും പുറത്താക്കുകയും ചെയ്യുമെന്ന് എൻസിപി അജിത് പവാർ പക്ഷ ദേശീയ ജനറല്‍ സെക്രട്ടറി ബ്രിജ്മോഹൻ ശ്രീവാസ്തവ് പറഞ്ഞു.

പാർട്ടി പരിപാടിയിലൊന്നും പങ്കെടുക്കാത്ത അവർ, ജയിച്ചത് എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിലാണ് എന്ന ഓർമ വേണമെന്നും ബ്രിജ് മോഹൻ കൂട്ടിച്ചേർത്തു. ഇത് അവസാനത്തെ അവസരമാണ്, കൂടെ നിന്നാല്‍ എംഎല്‍എ സ്ഥാനത്ത് തുടരാം. അല്ലെങ്കില്‍ അയോഗ്യരാകുമെന്ന് എംഎല്‍എമാരെ അറിയിച്ച അജിത് പവാർ പക്ഷം, കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനും കത്ത് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻസിപി പിളർത്തി അജിത് പവാറും സംഘവും എൻഡിഎയില്‍ പോയിട്ട് കാലം കുറച്ചായെങ്കിലും കേരളത്തിലെ എംഎല്‍എമാരുടെ കാര്യത്തില്‍ വലിയ ഇടപെടല്‍ നടത്തിയിരുന്നില്ല. എന്നാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ സജീവ ഇടപെടല്‍ നടത്താൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഭീഷണിയ്ക്കൊടുവില്‍ തോമസ് കെ. തോമസ് എംഎല്‍എയെ എങ്കിലും സ്വന്തം പാളയത്തില്‍ എത്തിക്കാനാകുമോ എന്ന് ശ്രമിക്കുകയാണ് അജിത് പവാർ പക്ഷം.

ഒറ്റയ്ക്ക് മത്സരിച്ചാല്‍ കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിയില്ല എന്ന വിലയിരുത്തല്‍ അജിത് പവാറിനുണ്ട്. മഹാരാഷ്ട്രയില്‍ എൻഡിഎയ്ക്കൊപ്പമുള്ള അജിത് പവാറിന്റെ പാർട്ടിയെ കേരളത്തില്‍ ഇടതുപക്ഷവും യുഡിഎഫും കൂടെക്കൂട്ടില്ല. അതുകൊണ്ട് വരും മാസങ്ങളില്‍ ചർച്ച പൂർത്തിയാക്കി എൻഡിഎയ്ക്കൊപ്പം നില്‍ക്കാനുള്ള ആലോചനയാണ് പാർട്ടിയ്ക്കുള്ളത്. കേരളത്തിലെ സഖ്യ ചർച്ചകള്‍ ഉള്‍പ്പെടെ മുന്നോട്ട് നീക്കാൻ ബ്രിജ്മോഹൻ ശ്രീവാസ്തവ് ഉള്‍പ്പെടെയുള്ളവർക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എംഎല്‍എമാരെ വരുതിയിലാക്കാനുള്ള ഇടപെടല്‍.