കൂട്ടത്തോടെ ഛര്‍ദ്ദിയും പനിയും വയറുവേദനയും ശരീരവേദനയും; പാലാ അല്‍ഫോന്‍സാ കോളേജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പിൽ പെണ്‍കുട്ടികള്‍ക്ക് കൂട്ടത്തോടെ അസുഖബാധ; 55 കുട്ടികളെ വീടുകളിലേക്ക് മടക്കിയയച്ചു
സ്വന്തം ലേഖിക
പാലാ: പാലാ അല്‍ഫോന്‍സാ കോളേജില്‍ നടക്കുന്ന എന്‍ സി സി ക്യാമ്പിലെ പെണ്‍കുട്ടികള്‍ക്ക് കൂട്ടത്തോടെ അസുഖബാധ.
ഇതേത്തുടര്‍ന്ന് 55 കുട്ടികളെ ഇന്നലെ വീടുകളിലേക്ക് മടക്കിയയച്ചു. 40 കുട്ടികള്‍ക്ക് കൂടി ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു. ഇവരെ ചികിത്സിച്ച പാലാ ജനറല്‍ ആശുപത്രി അധികൃതര്‍ വിവരം ഡി എം ഒയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രി വരെയുള്ള 500ല്‍പ്പരം കുട്ടികളാണ് കഴിഞ്ഞ അഞ്ച് ദിവസമായി നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് കൂട്ടത്തോടെ ഛര്‍ദ്ദിയും പനിയും വയറുവേദനയും ശരീരവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്.
30 കുട്ടികളെ ആദ്യം പാലാ ജനറല്‍ ആശുപത്രിയില്‍ലെത്തിച്ചു. ഇന്നലെ 40 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തി കുട്ടികളെ പരിശോധിച്ചു. ഇന്നലെ വൈകിട്ടോടെ ചിലര്‍ക്ക് ജലദോഷവും പനിയും ആരംഭിച്ചിരുന്നു. ഇതോടെയാണ് ശാരീരിക അസ്വസ്ഥതയുള്ള കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കാന്‍ തീരുമാനിച്ചത്.
ഭക്ഷ്യവിഷബാധയാണോ അസുഖത്തിന് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണമാണ് തങ്ങളും കഴിച്ചതെന്നും ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒന്നുമില്ലെന്നും ക്യാമ്പിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു.