ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായ ഹസ്തവുമായി ലേഡി സൂപ്പർസ്റ്റാർ നയൻതാര ; 20 ലക്ഷം രൂപ ഫെഫ്‌സിക്ക് കൈമാറി
സ്വന്തം ലേഖകൻ
കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ എല്ലാ തൊഴിലിടങ്ങളുടം തൊഴിൽ മേഖലകളും നിശ്ചലമായിരിക്കുകയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സിനിമാ രംഗത്ത് ചിത്രീകരണങ്ങൾ ഉൾപ്പെടെ പല പ്രവർത്തനങ്ങളും നിർത്തിവെച്ചു. തമിഴ് സിനിമാ ഇൻഡസ്ട്രിയും പ്രതിസന്ധിയിലാണ്. തമിഴിൽ വലിയ മുതൽമുടക്കുള്ള നിരവധി ചിത്രങ്ങളുടെ ചിത്രീകരണമാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ശങ്കർ ചിത്രം ഇന്ത്യൻ 2, അജിത് ചിത്രം വാലിമൈ, വിക്രം ചിത്രം കോബ്ര എന്നിവയാണ് ഇവയിൽ പ്രധാനം.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ജോലി നഷ്ടമായ ദിവസ വേതന ജീവനക്കാർക്ക് സഹായവുമായി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര രംഗത്തെത്തിയിരിക്കുകയാണ്. ഇരുപത് ലക്ഷം രൂപയാണ് ജീവനക്കാർക്കായി നയൻസ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) യ്ക്കാണ് കൈമാറിയത്. നയൻതാരയ്ക്ക പുറമെ ഐശ്വര്യ രാജേഷ് എന്നിവരാണ് അടുത്തിടെ ഫെഫ്‌സിക്ക് സാമ്പത്തിക സഹായം നൽകിയത്. ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപയാണ് ഫെഫ്‌സിക്ക് കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉപജീവനമാർഗം നഷ്ടമായി ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാൻ താരങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഫെഫ്‌സി പ്രസിഡന്റ് ആർകെ സെൽവമണി രംഗത്തെത്തിയിരുന്നു. രജനികാന്ത്, വിജയ് സേതുപതി, സൂര്യ തുടങ്ങി നിരവധി താരങ്ങൾ സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു.