play-sharp-fill
” നീ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യയാണ്. നിന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിത്തരാൻ എനിക്ക് പറ്റിയെന്ന് വരില്ല”       സാഖാവ് ഇ.കെ. നായാനാരുടെ നൂറാം പിറന്നാളിൽ ഒരുപിടി ഓർമകളുമായി പത്‌നി ശാരദ ടീച്ചർ

” നീ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യയാണ്. നിന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിത്തരാൻ എനിക്ക് പറ്റിയെന്ന് വരില്ല” സാഖാവ് ഇ.കെ. നായാനാരുടെ നൂറാം പിറന്നാളിൽ ഒരുപിടി ഓർമകളുമായി പത്‌നി ശാരദ ടീച്ചർ

 

സ്വന്തം ലേഖകൻ

സഖാവ് ഇ.കെ . നായനാരുടെ നൂറാം പിറന്നാളാണ് ഡിസംബർ ഇന്ന് . സാധാരണക്കാരന്റെ മനസറിഞ്ഞ്, അവർക്കായി പ്രവർത്തിച്ച് ജീവിച്ച് മരിച്ച സഖാവ് ഇ.കെ. നായനാരുടെ ജന്മദിനം. 11 വർഷം മുഖ്യമന്ത്രി, 11 വർഷം പ്രതിപക്ഷനേതാവ്, 11 വർഷം പാർട്ടി സെക്രട്ടറി കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനും ലഭിക്കാത്ത റെക്കാർഡ്.


എറണാകുളം കുമാരനാശാൻ നഗറിലെ റൈറ്റ് എന്ന വീട്ടിലെ സ്വീകരണമുറിയിലേക്ക് കയറുമ്‌ബോൾ നമ്മെ സ്വീകരിക്കുക ഇ.കെ. നായനാരുടെ ചിരിച്ചു നിൽക്കുന്ന ഒരു ചിത്രമാണ്. അകത്തെ കിടപ്പുമുറിയിൽ സഖാവിന്റെ മറ്റൊരു ചിത്രത്തിലേക്ക് നോക്കി പ്രിയ പത്‌നി ശാരദ ടീച്ചർ കിടക്കുന്നു. വീണ് കാലൊടിഞ്ഞ് വിശ്രമത്തിലാണ്. പക്ഷേ, ആ വേദന ടീച്ചറുടെ മുഖത്തെ ചിരിക്ക് ഒട്ടും മങ്ങലേൽപ്പിക്കുന്നില്ല. സഖാവിനൊപ്പമുള്ള ഓരോ നിമിഷവും ഒളിമങ്ങാതെ മനസിലുള്ളപ്പോൾ ഒരു സങ്കടത്തിനും ടീച്ചറെ കീഴ്പ്പെടുത്താനാവില്ല. ചോദ്യങ്ങൾക്കെല്ലാം നാടൻ കല്ല്യാശ്ശേരി ശൈലിയിൽ നിറഞ്ഞ ചിരിയോടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഖാവിന്റെ ഭാര്യ
ഞങ്ങളുടെത് പാർട്ടി കുടുംബമാണ്. സഖാവ് ഇ.കെ നായനാരെ വിവാഹം കഴിക്കാമോ എന്ന് അമ്മാവന്മാർ ചോദിച്ചപ്പോൾ പൂർണസമ്മതമായിരുന്നു. കുടുംബങ്ങൾ നേരത്തെ അറിയുമായിരുന്നു. അന്ന് എനക്ക് വയസ് 23. സഖാവുമായി 16 വയസിന്റെ വ്യത്യാസം. അതുകൊണ്ട് തന്നെ ആ ഒരു വാത്സല്യം അദ്ദേഹത്തിൽ നിന്ന് ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത്, ”ശാരദേ നീ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യയാണ്. നിന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിത്തരാൻ എനിക്ക് പറ്റിയെന്ന് വരില്ല. അതു മനസിലാക്കണം. നീ കുടുംബം നന്നായി നോക്കണം എന്നാണ്. ” അതുകൊണ്ട് ഒരിക്കൽ പോലും കുടുംബത്തിന്റെ കാര്യം പറഞ്ഞ് ഞാനദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശ്രദ്ധിക്കുന്നില്ല എന്ന സങ്കടം ചിലപ്പോൾ തോന്നിയിരുന്നെങ്കിലും ഞങ്ങളെ അദ്ദേഹം നന്നായി സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പായിരുന്നു. കല്ല്യാണം കഴിഞ്ഞ ശേഷവും അദ്ദേഹം ജയിലിലായിട്ടുണ്ട്. പാർട്ടിക്ക് വേണ്ടിയായതു കൊണ്ട് ഒരിക്കലും സങ്കടം തോന്നിയിട്ടില്ല. എന്നോട് ഒരിക്കലും ദേഷ്യപ്പെട്ടിരുന്നില്ല. അതിനുള്ള അവസരം ഉണ്ടാക്കിയിരുന്നില്ല. ശാരദേന്ന് വിളിക്കുമ്‌ബോൾ ഞാൻ വിളി കേട്ടില്ലെങ്കിലോ ചിരിച്ചില്ലെങ്കിലോ എന്റെ മുഖത്തേക്ക് സംശയിച്ച് നോക്കും. ഇവൾക്കെന്താ പറ്റിയേന്ന മട്ടിലുള്ള ആ നോട്ടം കാണുമ്‌ബോൾ ഞാനും ചിരിക്കും. ദേഷ്യം മനസിൽ വച്ചിരിക്കാൻ എനക്കും പറ്റൂല്ല.

യാത്ര പോയാലും എവിടെയും കൊണ്ടുപോവൂല. സഖാവ് രണ്ട് തവണ കാശ്മീരിൽ പോയിട്ടുണ്ട്. ആദ്യത്തെ തവണ പോയി വന്നപ്പോൾ ഞാൻ പറഞ്ഞത് ഒരു സാരിയെങ്കിലും വാങ്ങിക്കൊണ്ട് വരായിരുന്നു എന്ന്. പിന്നെ രണ്ടാമത്തെ തവണ പോയപ്പോൾ പ്രൈവറ്റ് സെക്രട്ടറി മുരളീധരൻ നായർ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സാരി വാങ്ങാൻ പോയപ്പോൾ എന്നാ ശാരദക്കും ഒരു സാരി വാങ്ങിക്കോന്ന് പറഞ്ഞുവിട്ട് വാങ്ങിപ്പിച്ചു കൊണ്ടു തന്നു.

സഖാവിന്റെ പിറന്നാൾ
ഇന്നും കമ്മ്യൂണിസ്റ്റുകാരി എന്ന് വിളിച്ച് കേൾക്കാനാണ് എനക്ക് ഇഷ്ടം. പക്ഷേ കല്ല്യാശേരിയിൽ ഉള്ളപ്പോൾ എന്നും രാവിലെ കുളിച്ച് അമ്ബലത്തിൽ പോകുന്ന ഈശ്വരവിശ്വാസിയാണ് ഞാൻ. വൃശ്ചികമാസത്തിലെ ചതയം നക്ഷത്രത്തിലാണ് സഖാവിന്റെ ജനനം. ഞാൻ അവിട്ടം നക്ഷത്രത്തിലും. തൊട്ടടുത്ത ദിവസങ്ങളിലാണ് പിറന്നാളുകൾ. സഖാവ് ഉള്ള കാലത്ത് അമ്ബലത്തിൽ പോകുന്നതും സഖാവിന്റെ പേരിൽ വഴിപാട് കഴിക്കുന്നതുമൊന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നില്ല. കല്യാണം കഴിഞ്ഞ് ഒരു തവണയേ കല്ല്യാശേരിയിൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരുമിച്ച് ഉണ്ടായിട്ടുള്ളൂ. ആ പിറന്നാൾ എനക്ക് ഓർമ്മയില്ല. പിറന്നാളാണെന്ന് അദ്ദേഹത്തെ വിളിച്ച് ഓർമ്മിപ്പിച്ചാൽ ശാരദേ എനക്ക് ഇന്നും നാളെയും ഒരുപോലെയാന്ന് എന്നാണ് മറുപടി. ഒരു തവണ മുഖ്യമന്ത്രി ആയിരിക്കുമ്‌ബോഴാണ് പിറന്നാൾ ആഘോഷിച്ചത്. എല്ലാവരും എന്നെ വിളിച്ച് ചോദിച്ചപ്പോ ഞാനാണ് കുക്കിനെ വിളിച്ച് സദ്യയൊരുക്കിയത്. അങ്ങനെ സദ്യയൊക്കെ കൊടുത്ത് കഴിഞ്ഞപ്പോ ഇനിക്ക് പ്രാന്താ ശാരദേ ന്ന് ആണ് സഖാവ് പറഞ്ഞത്.

സഖാവിന്റെ ആഗ്രഹം
സഖാവ് തമാശക്കാരനാണ് എന്നാണ് എല്ലാരും പറയുക. പക്ഷേ, വീട്ടിലങ്ങനെ തമാശ പറയില്ല. വീട്ടിൽ രാഷ്ട്രീയം പോലും പറയില്ല. വായനയുടെ കാര്യത്തിൽ എന്നും ഞാനൊരു കുട്ടിയാണ് എന്നാണ് സഖാവ് എപ്പോഴും പറയുക. രാവിലെ പത്രങ്ങൾ വായിച്ചു കഴിഞ്ഞാലും വായിക്കാൻ കയ്യിൽ എപ്പോഴും ഒരു മാസിക എങ്കിലും കാണും. അത്രയും പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു. വീടുവച്ചപ്പോഴും എന്നോട് പറഞ്ഞത് ശാരദേ, എന്റെ നാല് അളമാര വയ്ക്കാൻ ഒരു മുറി വേണംന്ന് മാത്രാ. അതിൽ നെറയെ പുസ്തകല്ലേ. ഗീത, ഖുറാൻ, ബൈബിൾ എല്ലാ പുസ്തകങ്ങളും അതിലുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് കല്ല്യാശേരിയിലെ വീട്ടിൽ നിന്ന് പുസ്തകങ്ങളെഴുതണമെന്നുണ്ടായിരുന്നു സഖാവിന്. കല്ല്യാശേരിയെ കുറിച്ച്, അവിടത്തെ വായനശാലയെ കുറിച്ചും ആൽമരത്തിനെ കുറിച്ചുമെല്ലാം എഴുതണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന് സുഖമില്ലാതായതോടെ കല്ല്യാശേരിയിൽ നിന്ന് ആശുപത്രിയിലെത്താൻ 15 മിനിട്ട് എങ്കിലും എടുക്കുമല്ലോ എന്ന് കരുതിയാണ് തിരുവനന്തപുരത്ത് തന്നെ താമസിച്ചത്.

ഓർമ്മശേഷിപ്പുകൾ
കുടുംബത്തെക്കാളും പാർട്ടിയെയും ജനത്തെയും സ്നേഹിച്ച ആളാണ് സഖാവ്. അദ്ദേഹം അർഹിക്കുന്ന ആദരവ് ഇന്ന് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ഞാനാളല്ല. ജനവും പാർട്ടിയുമാണ് തീരുമാനിക്കേണ്ടത്. ജനമനസിൽ എന്നും അദ്ദേഹമുണ്ട്. എന്നാൽ അദ്ദേഹം ഏറെ സ്നേഹിച്ച തിരുവനന്തപുരത്ത് പോലും അദ്ദേഹത്തിന്റെ ഒരു പ്രതിമ പോലുമില്ല. അദ്ദേഹത്തിന്റെ പേരിൽ ഉള്ള സ്മാരകങ്ങളിൽ എന്താണ് നടക്കുന്നത് എന്നറിയില്ല. വരുന്ന തലമുറയ്ക്ക് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ഇ.കെ.നായനാരെ കുറിച്ച് മനസിലാക്കാൻ എന്താണ് ഉള്ളത്? അദ്ദേഹം ഇതൊക്കെ ആഗ്രഹിച്ചിരിക്കില്ല. പക്ഷേ, സങ്കടമുണ്ട്. അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ നന്നായി ആഘോഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.