നയന സൂര്യന്‍റെ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഗുരുതര പിഴവ്; കഴുത്തിലെ ഉരഞ്ഞ പാടിന്‍റെ നീളത്തില്‍ തെറ്റെന്ന് ക്രൈം ബ്രാഞ്ച്
സ്വന്തം ലേഖിക
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്.
നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്‍റെ നീളം രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
31. 5 സെന്‍റിമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടെന്നായിരുന്നുവെന്നാണ് ഡോ. ശശികല തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാലിത് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തിതിലുണ്ടായ പിഴവെന്നാണ് ഡോക്ടര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി.
നയനയുടെ മരണം കഴുത്ത് ഞെരിച്ചുളള കൊലപാതകമാണെന്ന് സംശയമുയര്‍ത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വരിയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയായിരുന്ന ഡോ.ശശികല തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര പിഴവുണ്ടായത്.
നയനയുടെ കഴുത്തില്‍ രണ്ട് ഉരഞ്ഞ പാടുകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. 31.5 സെന്‍റിമീറ്റര്‍ പാടും, 0.2x.2 സെൻ്റിമീറ്ററുള്ള മറ്റൊരു പാടും. 31.5 സെന്‍റിമീറ്റര്‍ പാടാണ് കൊലപാതക സംശയം ബലപ്പെടുത്തിയത്. പുതപ്പോ, കയറോ കൊണ്ട് നയനയുടെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നായിരുന്നു സംശയം.
കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നായിരുന്ന ഡോ.ശശികലയുടെ നിഗമനവും. സ്വയം കഴുത്തു ഞെരിച്ചതാകാമെന്ന നിഗമനത്തിലാണ് ലോക്കല്‍ പൊലിസ് അന്വേഷണം അവസാനിപ്പിച്ചതും.
ലോക്കല്‍ പൊലിസോ, വിവാദമായതിന് ശേഷം ആദ്യ അന്വേഷണത്തിലെ പിഴവുകള്‍ പരിശോധിച്ച ഡിസിആര്‍ബി അസി.കമ്മീഷണറോ ഈ ഗുരുതരപിഴവ് കണ്ടെത്തിയില്ല. ഇപ്പോള്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് നയനയുടെ മൃതദേഹത്തിൻ്റെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയമുണ്ടായത്.
കഴുത്തില്‍ ഞെരിഞ്ഞമര്‍ന്നതിന്റെയോ മുറിക്കിയതിന്റേതോ ആയ സമാനമായ പാടുകള്‍ ഫോട്ടോയിലുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം വര്‍ക്ക് ബുക്ക് പരിശോധിച്ചു. ഈ കുറിപ്പില്‍ നയനയുടെ കഴുത്തിലുണ്ടായിരുന്നത് 1.5 സെന്‍റിമീറ്റര്‍ പാടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.