
നയനസൂര്യൻെറെ ദുരൂഹമരണം; മരണ സമയത്ത് ധരിച്ച വസ്ത്രങ്ങളും ബെഡ്ഷീറ്റും ഉൾപ്പെടെ കാണാതായ വസ്തുക്കൾ അന്വേഷണസംഘത്തിന് ലഭിച്ചു; തൊണ്ടി വസ്തുക്കൾ കണ്ടെത്തിയത് മ്യൂസിയം സ്റ്റേഷനിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നയന സൂര്യന്‍റെ മരണത്തിന് പിന്നാലെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത വസ്തുക്കൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി. മരണ സമയത്തു നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാതായത് നേരത്തെ വിവാദമായിരുന്നു. തൊണ്ടി വസ്തുക്കൾ കണ്ടെത്താൻ മ്യൂസിയം സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
തൊണ്ടി വസ്തുക്കൾ കാണാനില്ലെന്ന റിപ്പോർട്ടിനെത്തുടർന്നാണ് മ്യൂസിയം സ്റ്റേഷനിൽ പരിശോധന നടത്തിയത്. ഇതിലാണ് ബെഡ്ഷീറ്റ് ഉൾപ്പടെ കണ്ടെത്തിയത്. മരണസമയത്തു നയന ധരിച്ചിരുന്ന ചില വസ്ത്രങ്ങളും കണ്ടെത്തി. മറ്റു തൊണ്ടികൾ കണ്ടെത്താൻ പരിശോധന തുടരുകയാണ്. മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് ഉൾപ്പടെയുള്ള തുണികൾ അന്വേഷണ സംഘത്തിന് കൈമാറി. തൊണ്ടി വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായ തൊണ്ടി വസ്തുക്കൾ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസുകാർ നടത്തിയ തെരച്ചിലാണ് വസ്തുക്കൾ കണ്ടെത്തിയത്. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പോലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ ഇവ കാണാതായത് വിവാദമായിരുന്നു.
2019 ഫെബ്രുവരി 24നാണ് നയനയെ തിരുവനന്തപുരത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് വർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ സഹസംവിധായികയായിരുന്നു നയന. ലെനിൻ രാജേന്ദ്രന്‍റെ മരണം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു നയനയും മരിക്കുന്നത്. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന നയന ജീവനൊടുക്കിയതാണെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.