video
play-sharp-fill

ഇന്ത്യന്‍ നാവികരുമായി കപ്പല്‍ നൈജീരിയന്‍ തീരത്ത്; നയതന്ത്രതല ചര്‍ച്ച തുടരുന്നു;  നാവികര്‍ കപ്പലില്‍ തുടരുന്നു;  ജയിലിലേക്ക് മാറ്റരുതെന്ന് വിദേശകാര്യമന്ത്രാലയം

ഇന്ത്യന്‍ നാവികരുമായി കപ്പല്‍ നൈജീരിയന്‍ തീരത്ത്; നയതന്ത്രതല ചര്‍ച്ച തുടരുന്നു; നാവികര്‍ കപ്പലില്‍ തുടരുന്നു; ജയിലിലേക്ക് മാറ്റരുതെന്ന് വിദേശകാര്യമന്ത്രാലയം

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലായ ഇന്ത്യാക്കാര്‍ അടക്കമുള്ള നാവികരെ നൈജീരിയയിലെത്തിച്ചു.

നൈജീരിയല്‍ തുറമുഖത്ത് നാവികര്‍ കപ്പലില്‍ തുടരുകയാണ്. നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സൈന്യം പിടിച്ചെടുത്തു. കപ്പലിന് നൈജീരിയന്‍ സൈനികരുടെ കാവലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് ഹെറോയിക് ഐഡന്‍ എന്ന ചരക്കുകപ്പലിലുള്ളത്. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് നൈജീരിയയും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയന്‍ ഹൈകമ്മീഷണറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.

നൈജീരിയന്‍ ജയിലിലേക്ക് മാറ്റാതെ നാവികരെ കപ്പലില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം
നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ലെന്നും മലയാളി നാവികര്‍ പറഞ്ഞു.

ഓഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഗിനി നാവികസേന കസ്റ്റഡിയിലെടുത്തത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്.

നൈജീരിയയിലെ ബോണിദ്വീപിനടുത്തുള്ള അക്‌പോ എണ്ണപ്പാടത്തിനടുത്ത് അന്താരാഷ്ട്ര കപ്പല്‍ചാലില്‍ നങ്കൂരമിട്ട കപ്പല്‍ ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്നു സംശയിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പലിലെ ഫസ്റ്റ് ഓഫീസര്‍ സനു ജോസ്, മുളവുകാട് സ്വദേശി മില്‍ട്ടന്‍, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് സംഘത്തിലെ മലയാളികള്‍. ഗിനിയന്‍ സാമ്പത്തിക മേഖലയില്‍ കടന്നതിന് കപ്പല്‍ കമ്പനിയോട് പിഴയടക്കാന്‍ ആവശ്യപ്പെട്ടു. ഇത് അടച്ച ശേഷം കപ്പല്‍ ഗിനി അധികൃതര്‍ നവംബര്‍ ആറിന് നൈജീരിയന്‍ നാവികസേനയ്ക്ക് കൈമാറുകയായിരുന്നു.

ശനിയാഴ്ച വൈകീട്ടോടെ ഹെറോയിക് ഐഡന്‍ നൈജീരിയന്‍ തീരത്ത് നങ്കൂരമിട്ടത്. നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ കപ്പലിലെത്തുമെന്നാണ് സൂചന.