
ആലപ്പുഴ: കനോയിങ് – കയാക്കിങ് ദേശീയ താരങ്ങളും ആലപ്പുഴ സ്വദേശികളുമായ നാവികസേനാ ഉദ്യോഗസ്ഥർ ഭോപാലിൽ വാഹനാപകടത്തിൽ മരിക്കാനിടയായത് ബൈക്കിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നെന്ന് സൂചന.
ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി–രഞ്ജിനി ദമ്പതികളുടെ മകൻ ഐ.എ.അനന്തകൃഷ്ണൻ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ് – ജീജാമോൾ ദമ്പതികളുടെ മകൻ വിഷ്ണു രഘുനാഥ് (ഉണ്ണി – 26) എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ഭോപാൽ–ഡൽഹി റോഡിൽ ബൈക്ക് അപകടത്തിൽ ഇരുവരും മരിച്ചു എന്നാണു നാവികസേനയിൽനിന്ന് കുടുംബങ്ങൾക്കു ലഭിച്ച വിവരം.
വൺവേയിൽ ഹോട്ടലിൽ എത്തുന്നതിനു മുൻപുള്ള യുടേണിൽ മീഡിയനിൽ ഇടിച്ച നിലയിലായിരുന്നു വാഹനം. ബൈക്കിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നു മീഡിയനിൽ ഇടിച്ചു കയറിയെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാവികസേനയുടെ കനോയിങ്–കയാക്കിങ് ടീം അംഗങ്ങളായ ഇരുവരും ദേശീയ ഗെയിംസിനുള്ള സർവീസസ് ടീമിന്റെ ഭാഗമായി ഭോപാൽ ലോവർ തടാകത്തിലെ പരിശീലന ക്യാംപിലായിരുന്നു. അർധരാത്രി ഭക്ഷണം കഴിക്കാനായി സുഹൃത്തിന്റെ ബൈക്കുമായുള്ള യാത്രയിലാണ് അപകടം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2024ലെ കനോയിങ് – കയാക്കിങ് ദേശീയ ചാംപ്യൻഷിപ്പിൽ ജൂനിയർ പുരുഷന്മാരുടെ 5000 മീറ്റർ കനോയിങിൽ സ്വർണം നേടിയ അനന്തകൃഷ്ണൻ മൂന്ന് മാസം മുൻപാണു നേവിയിൽ പെറ്റി ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്. ഭോപാലിൽ കഴിഞ്ഞ മാസം നടന്ന ദേശീയ ജൂനിയർ കയാക്കിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ വിഷ്ണു രഘുനാഥ് 9 വർഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ്. നിലവിൽ ചീഫ് പെറ്റി ഓഫിസർ. നെഹ്റുട്രോഫി ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ താരമായിരുന്നു.




