
ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണം; ക്രൂരത വെളിപ്പെടുത്തി ഭർത്താവിന്‍റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം; കൊല്ലപ്പെട്ടത് കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക സേന ഉദ്യോഗസ്ഥൻ; വിവാഹം കഴിഞ്ഞ് ആറാം നാളിലെ മധുവിധു ആഘോഷത്തിനിടെ രാജ്യത്തെ നടുക്കി ഭീകരാക്രമണം; വെടിവച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ മുന്നിലിട്ട്
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. ഭീകരാക്രമണത്തിന്‍റെ ക്രൂരത വെളിപ്പെടുത്തി ഭർത്താവിന്‍റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ആ ചിത്രം കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവലിന്‍റേത്.
കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നർവാളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. ഏപ്രിൽ 19 നായിരുന്നു റിസപ്ഷൻ. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്നു.
മധുവിധു ആഘോഷിക്കാനുള്ള യാത്രയിലായിരുന്ന വിനയ് കഴിഞ്ഞ ദിവസമാണ് ഹിമാൻഷിയ്‌ക്കൊപ്പം കശ്മീരിലെത്തിയത്. എന്നാൽ, വിവാഹത്തിന്റെ ആറാം നാൾ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാൻഷിയുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി. ഹിമാൻഷിയുടെ കൺമുന്നിൽ ഭീകരർ നവീനെ കൊലപ്പെടുത്തി. രണ്ട് വർഷം മുമ്പാണ് നവീൻ നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കിട്ടിയതിന് പിന്നാലെയായിരുന്നു വിവാഹം തീരുമാനിച്ചതും. ഏപ്രിൽ 16ന് ഹിമാൻഷിയെ സ്വന്തമാക്കിയത്. അങ്ങേയറ്റം ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു നവീനെന്നാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്. പുതിയ ജീവിതം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ സംഭവിച്ച ദുരന്തത്തിന്‍റെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും.
അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകൾ. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെത്തിയിട്ടുണ്ട്.
സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാമിലെത്തും.