നാവികസേനയില്‍ വൻ സുരക്ഷാവീഴ്‌ച്ച: ഉദ്യോഗസ്ഥനായി വേഷമിട്ടെത്തിയ ആൾ ആയുധങ്ങളുമായി കടന്നു കളഞ്ഞു; ആള്‍മാറാട്ടക്കാരനായി തിരച്ചില്‍ ശക്തമാക്കി

Spread the love

മുംബൈ: നാവികസേനയില്‍ വൻ സുരക്ഷാവീഴ്‌ച്ച, ഉദ്യോഗസ്ഥനായി വേഷംമാറിയെത്തിയ ആൾ നേവല്‍ റെസിഡൻഷ്യല്‍ ഏരിയയില്‍നിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് ആൾമാറാട്ടക്കാരൻ അടിച്ചുമാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തത്. കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയർ നാവികനെ കബളിപ്പിച്ചാണ് ഇയാള്‍ ആയുധം കൈവശപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയർ നാവികന്റെ അടുത്തേക്ക് നാവികസേനയുടെ യൂണിഫോം ധരിച്ച ഒരാള്‍ എത്തുകയായിരുന്നു. പകരക്കാരനായി വന്നതാണെന്ന ഭാവേന, ഇയാള്‍ ആയുധം കൈമാറാൻ നാവികനോട് ആവശ്യപ്പെടുകയായിരുന്നു. ഇയാളെ വിശ്വസിച്ച്‌ നാവികൻ തോക്കും വെടിയുണ്ടകളും കൈമാറുകയും ചെയ്തു. എന്നാല്‍ താമസിയാതെ ആള്‍മാറാട്ടക്കാരൻ അവിടെനിന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് അബദ്ധം മനസ്സിലായത്.

ഇയാളെ കണ്ടെത്താൻ നാവികസേനയും മുംബൈ പോലീസും അന്വേഷണമാരംഭിച്ചു. തോക്ക് കണ്ടെത്താനും ആള്‍മാറാട്ടക്കാരനെ പിടികൂടാനുമായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്.

മോഷണംപോയ ആയുധവും വെടിക്കോപ്പുകളും കണ്ടെത്താനായി പ്രദേശത്ത് മൊത്തമായി തിരച്ചിൽ തുടർന്നെന്ന് നാവികസേന അറിയിച്ചു. ഇതിന്റെ ഭാഗമായി ആയുധം കൈമാറിയ നാവികോദ്യോഗസ്ഥനെയും ചോദ്യംചെയ്തു വരികയാണ്. സംഭവിച്ചത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് അധികൃതരുടെ പക്ഷം. ആള്‍മാറാട്ടക്കാരൻ റസിഡൻഷ്യല്‍ കോംപ്ലക്സില്‍ പ്രവേശിക്കാനിടയായതിലെ വീഴ്ചയും പരിശോധിക്കുന്നുണ്ട്.