
പത്തനംതിട്ട: മരണപ്പെട്ട കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്നുള്ള പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിൻ്റെ ബന്ധുക്കള്‍ രംഗത്തെത്തി.
പോസ്റ്റുമോർട്ടം നിർവ്വഹിച്ച ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ആന്തരിക അവയവങ്ങള്‍ക്കും, ശരീരത്തിനും മറ്റു പരിക്കുകളില്ല എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നതെന്ന് പറഞ്ഞ അഡ്വ. അനില്‍ പി നായർ, പിന്നെങ്ങനെയാണ് അടിവസ്ത്രത്തില്‍ രക്തക്കറ വരുന്നതെന്നാണ് ചോദിക്കുന്നത്.
പൊലീസിന് ഇക്കാര്യം വിശദീകരിക്കാൻ സാധിച്ചിട്ടില്ലെന്നും, അതിനാല്‍ തന്നെ ശാസ്ത്രീയ അന്വേഷണം നടന്നിട്ടില്ലെന്ന കാര്യം വ്യക്തമാണെന്നും പറഞ്ഞ അദ്ദേഹം, നവീൻ്റെ മരണത്തില്‍ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുവെന്നും പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതശരീരത്തില്‍ എവിടെയോ ഒരു മുറിവ് ഉണ്ടായിട്ടുണ്ടെന്നും, രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ അനില്‍ പി നായർ, അതെന്തായിരുന്നുവെന്ന് പറയേണ്ട ചുമതല പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർക്കും പോലീസിനുമാണെന്നും വിമർശിച്ചു. വളരെ ആശ്രദ്ധമായാണ് ഡോക്ടർ ഇക്കാര്യം കൈകാര്യം ചെയ്തതെന്ന് ബോധ്യമായി.
തുടക്കം മുതല്‍ തന്നെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും, കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണമെന്നും പറഞ്ഞ അദ്ദേഹം, കോടതി സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.
നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പരാമർശം ഉള്ളത് ഒക്ടോബര്‍ 15-ന് കണ്ണൂർ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ്.



