video
play-sharp-fill

എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തിൽ തൃപ്തിയില്ല, ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ല, പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം, വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരുമെന്ന് കുടുംബം

എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തിൽ തൃപ്തിയില്ല, ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ല, പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം, വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരുമെന്ന് കുടുംബം

Spread the love

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. നവീൻ ബാബുവിൻ്റെ സഹോദരനും നവീൻ ബാബുവിൻ്റെ ഭാര്യയും വീട്ടിൽ വിളിച്ചുചേ‍ർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത്. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നത്. അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞത്. എസ്ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പൊലീസ് സംഘം അന്വേഷിച്ചതിൽ നിന്ന് വ്യത്യാസമൊന്നും എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി തോന്നുന്നില്ല.

വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബു സർക്കാർ ക്വട്ടേഴ്സിൽ ജീവനൊടുക്കിയത്. ചെങ്ങളായിയിലെ പെട്രോൾ പമ്പിന് അനുമതി കിട്ടാൻ കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച ടി.വി.പ്രശാന്തനെ പ്രതി ചേർക്കണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും നവീൻ ബാബുവിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകമെന്ന സൂചനകളുമില്ല. അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയതിലടക്കം അസ്വാഭാവികതയില്ലെന്ന് പരിശോധനാഫലങ്ങൾ. എഡിഎം മരിച്ചതിൻ്റെ തലേ ദിവസം കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, സിപിഎം നേതാവ് പി.പി.ദിവ്യ ഉന്നയിച്ച അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു ആത്മഹത്യ.

കേസിൽ പിപി ദിവ്യയാണ് ഏക പ്രതി. പത്ത് വർഷം വരെ തടവ് കിട്ടാവുന്ന പ്രേരണാക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയത്. കളക്ട്രേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയെത്തി ദിവ്യ, എഡിഎമ്മിനെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം നടത്തിയെന്നാണ് കുറ്റപത്രം പറയുന്നത്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ദുരുപയോഗിച്ചു, ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യാത്രയയപ്പ് യോഗത്തിന്‍റെ വിവരമെടുത്തു, ദൃശ്യം ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി, മേലുദ്യോഗസ്ഥനായ കളക്ടറുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു, ദൃശ്യങ്ങൾ ചാനലിൽ നിന്ന് കൈക്കലാക്കി, സ്വന്തം ഫോണുപയോഗിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും തെളിവുകളുണ്ടെന്ന് കുറ്റപത്രം പറയുന്നു.
ദിവ്യയുടെ പ്രവൃത്തിയിൽ അപമാനിതനായതിന്‍റെ വിഷമത്തിൽ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ പുലർച്ചെയോടെയാണ് എഡിഎമ്മിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പ്രചരിപ്പിച്ച വ്യാജ പരാതിയുടെ ഉറവിടവും കൈക്കൂലി ആക്ഷേപത്തിന്‍റെ യാഥാർത്ഥ്യവും പൊലീസ് അന്വേഷണപരിധിയിലുണ്ടായില്ല.97 സാക്ഷികളാണ് കേസിൽ . മൂന്ന് വോള്യങ്ങളിലായി നാനൂറിലധികം പേജുകളുളളതാണ് കുറ്റപത്രം.