
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണം നടത്താൻ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി തുടരന്വേഷണം നിർദേശിച്ചത്. നാല് വിഷയങ്ങളിൽ അന്വേഷണം നടത്തി മേയ് 30നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കേസിലെ ഏക പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഔദ്യോഗിക ഫോൺ നമ്പറിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചു. ആദ്യഘട്ടത്തിൽ അന്വേഷണ സംഘം ദിവ്യയുടെ സ്വകാര്യ നമ്പറിലെ വിവരങ്ങൾ മാത്രമാണ് പരിശോധിച്ചിരുന്നത്. കൂടാതെ പ്രശാന്തൻ ഗോൾഡ് ലോൺ എടുത്ത് നവീൻ ബാബുവിന് കൈക്കൂലിയായി പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കണം. നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിലേക്ക് പ്രശാന്തൻ എത്തിയതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണം ഉയർത്തിയാണ് കുടുംബം ഹർജി നൽകിയിരുന്നത്. 2024 ഒക്ടോബർ 15-നാണ് പള്ളിക്കുന്നിലെ താമസസ്ഥലത്ത് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനിടെ പി.പി. ദിവ്യ നടത്തിയ വിമർശനത്തെ തുടർന്ന് മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നതാണ് കേസിലെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


