video
play-sharp-fill
ചന്തയിൽ അരിച്ചാക്ക് ചുമന്നു നടന്ന നവാസിനെ പലർക്കും അറിയില്ല; സത്യസന്ധനും അഴിമതിക്കാരുടെയും കൈക്കൂലിക്കാരുടെയും പേടിസ്വപ്‌നവുമായ നവാസിനെ സംരക്ഷിക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്വമാണ്

ചന്തയിൽ അരിച്ചാക്ക് ചുമന്നു നടന്ന നവാസിനെ പലർക്കും അറിയില്ല; സത്യസന്ധനും അഴിമതിക്കാരുടെയും കൈക്കൂലിക്കാരുടെയും പേടിസ്വപ്‌നവുമായ നവാസിനെ സംരക്ഷിക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്വമാണ്

സ്വന്തം ലേഖകൻ

കൊച്ചി : മൂന്ന് ദിവസമായി കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തിയെന്ന സന്തോഷവാർത്തയാണ് ഇന്ന് പുലർച്ചെ മലയാളികൾ കേട്ടത്. മേലുദ്യോഗസ്ഥന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരുന്നതിന് പരസ്യമായി ശകാരിച്ചതിലുള്ള മാനസിക വിഷമം നിമിത്തമാണ് കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സി.ഐ ആയിരുന്ന നവാസ് നാടുവിട്ടത്. നവാസിനെ പരസ്യമായി ശകാരിച്ച ആരോപണ വിധേയനായ അസി. കമ്മിഷണർ പി.എസ് സുരേഷിനും നവാസിനും ദിവസങ്ങൾക്ക് മുമ്പ് സ്ഥലം മാറ്റമുണ്ടായിരുന്നു. വീണ്ടും നവാസിന്റെ മേലുദ്യോഗസ്ഥനായിട്ടായിരുന്നു സുരേഷിന്റെ വരവ്. സുരേഷ് മട്ടാഞ്ചേരി അസി. കമ്മിഷണറും നവാസ് സി.ഐയും. ഇരുവരും ഇന്ന് ചുമതലയേൽക്കേണ്ടതായിരുന്നു.സഹപ്രവർത്തകർക്കും നവാസിന്റെ നാട്ടുകാർക്കും ഈ ഉദ്യോഗസ്ഥനെ കുറിച്ച് പറയുവാൻ നല്ലത് മാത്രമേയുള്ളു. നിറമുള്ള ജീവിതമായിരുന്നില്ല കുട്ടിക്കാലത്ത് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ദരിദ്ര കുടുംബത്തിന് ഒരു ദിവസത്തെ ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടേണ്ടി വന്നു.കോളേജിൽ പഠിക്കുന്നതിനിടെ ആലപ്പുഴ കുത്തിയതോട് ചന്തയിൽ അരിച്ചാക്ക് ചുമന്നിരുന്ന നവാസിനെ പലർക്കും അറിയാം. പാരലൽ കോളേജിൽ അദ്ധ്യാപകനുമായി. ഇതിന് ശേഷമാണ് നവാസിന് പൊലീസിൽ ഉദ്യോഗം കിട്ടുന്നത്.സഹപ്രവർത്തകർക്കും നവാസിനെ കുറിച്ച് പറയാനുള്ളത് ഇപ്രകാരമാണ്. കർക്കശക്കാരനായ ഉദ്യോഗസ്ഥൻ. അഴിമതിക്കെതിരെ എന്നും മുന്നിൽ. സേനയിൽ എത്തിയപ്പോൾ കൈക്കൂലിക്കാരെ ആട്ടിയോടിച്ചിരുന്നു. മക്കളുടെ ഫീസ് കൊടുക്കാനില്ലാത്തപ്പോൾ പലരിൽ നിന്നും കടം വാങ്ങും. ശമ്പളം ലഭിക്കുമ്പോൾ മടക്കി നൽകും. വഴിവിട്ട ശുപാർശകളുമായി വരുന്ന മേലുദ്യോഗസ്ഥരോട് നേരത്തെയും വഴക്കിട്ടിട്ടുണ്ട്. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഒഫ് ബഹുമതിയും ലഭിച്ചു. ചില കേസുകൾ രജിസ്റ്റർ ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിച്ചതിനാൽ നവാസ് സെൻട്രൽ സ്റ്റേഷനിൽ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.മൂന്ന് ദിവസമായി നവാസിന് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിലെ കരൂരിൽ നിന്നുമാണ് റെയിൽവേ പൊലീസ് നവാസിനെ തിരിച്ചറിയുകയും കേരള പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇന്ന് വൈകിട്ടോടെ നവാസിനെയും കൂട്ടി പൊലീസ് സംഘം കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.നവാസിനെ പോലെ അഴിമതിക്കും കൈക്കൂലിക്കും മേലുദ്യോഗസ്ഥരുടെ ന്യായമല്ലാത്ത നിർദേശത്തിനും കൂട്ടുനില്ക്കാത്ത സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥരേ സംരക്ഷിക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്വമാണ്‌