മരക്കഷ്ണം ക്രിക്കറ്റ് ബാറ്റ് ആക്കി ; കൈവിട്ട്‌പോയ ബാറ്റ് തലയിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
ആലപ്പുഴ : ബാറ്റിന് പകരം കളിക്കാനുപയോഗിച്ച ഡെസ്‌കിന്റെ പൊട്ടിയ തടിക്കഷണം തലയിൽക്കൊണ്ട് വിദ്യാർത്ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയർസെക്കന്ററി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി നവനീതാണ് മരിച്ചത്. ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ചിരുന്ന മരക്കഷ്ണം കൈവിട്ട് പോയി തലയിൽ പതിച്ചാണ് മരണകാരണം.
ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങിയതായിരുന്നു നവനീത്. സ്‌കൂൾ മൈതാനത്ത് കളിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ തെറിച്ച് വീണതാണ് ബാറ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾ പേപ്പർ പന്തുപോലെ ചുരുട്ടി എറിഞ്ഞ് കളിക്കുന്നതിനിടെ ബാറ്റിന് പകരം ഉപയോഗിച്ചിരുന്ന മരക്കഷ്ണം കൈവിട്ട് തെറിച്ച് കുട്ടിയുടെ തലയിൽ തട്ടുകയായിരുന്നു.അവിടെ നിന്ന് ഭക്ഷണപ്പാത്രവും കൊണ്ട് പുറത്തിറങ്ങിയ നവനീത് കൈ കഴുകുന്ന പൈപ്പിനടുത്ത് വച്ച് കുഴഞ്ഞു വീണു.
വിദ്യാർത്ഥി വീഴുന്നത് കണ്ട് സഹപാഠികളായ രണ്ട് കുട്ടികൾ ഓടിയെത്തി അധ്യാപകരെ വിവരമറിയിച്ചിരുന്നു. തുടർന്ന് അധ്യാപകരും പിടിഎ അധികൃതരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കായംകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരിച്ചത്.
മരണകാരണം എന്തെന്ന് വ്യക്തമായി അറിയാൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യം ഉയർന്നതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയി.