
തിരുവനന്തപുരം: നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടർഭരണം ഉറപ്പാക്കലാണെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇക്കാര്യം തുറന്നു പറയുന്ന പിണറായി വിജയൻ്റെ ശബ്ദരേഖ പുറത്തുവന്നു. 2025 ഒക്ടോബർ 22ന് തിരുവനന്തപുരത്ത് സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങള്‍. സർവേ നടത്താൻ ഇറങ്ങുന്നവർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ശബ്ദരേഖയില്‍ വിശദീകരിക്കുന്നുണ്ട്.
സർക്കാരിന്റെ നവകേരള സർവേ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർവേയുടെ രാഷ്ട്രീയ ലക്ഷ്യം തുറന്നുപറയുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്.
ശബ്ദരേഖയുടെ പൂർണരൂപം.
”അവർക്ക് വികസനവുമായി ബന്ധപ്പെട്ട അഭിപ്രായമുണ്ടാകും. ആ അഭിപ്രായങ്ങള്‍ കേള്‍ക്കാനാണ് നമ്മള്‍ പോകുന്നത്. അതാണ് നമ്മുടെ ദൗത്യം. അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ആ ദൗത്യം നിർവഹിക്കാൻ വേണ്ടി ചെല്ലുമ്ബോള്‍ നിലവിലുള്ളതിനെപ്പറ്റി ഒരുപാട് സംശയങ്ങളും അഭിപ്രായങ്ങളും അവർ പ്രകടിപ്പിച്ചെന്ന് വരും. അതുകേട്ട് വിശദീകരണം കൊടുക്കാതെ വരാൻ പാടില്ല. എല്ലാ കാര്യങ്ങള്‍ക്കും വിശദമായി വിശദീകരണം കൊടുക്കാൻ കഴിയും.
ഇപ്പോള്‍ 10 വർഷമായി ഇവിടെ എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ ഇരിക്കുകയാണ്. ഇനി വീണ്ടും അത് തുടരണമോ ? ഇവിടെ സാധാരണഗതിയില്‍ ഒരു സർക്കാർ അധികാരത്തില്‍ ഇരിക്കുമ്ബോള്‍ ആ സർക്കാരിനെതിരെയുള്ള ഒരു ഭരണവിരുദ്ധ വികാരം നാട്ടില്‍ സ്വാഭാവികമായിട്ടുണ്ടാവും. പക്ഷേ കേരളത്തിലെ ഒരു പ്രത്യേകത നാട്ടിലിറങ്ങിയാല്‍ കാണാം. നിങ്ങളുടെ വൊളന്റിയർമാരും ഇറങ്ങാൻ പോവുകയാണല്ലോ. അപ്പോള്‍ അവർക്കെല്ലാവർക്കും ബോധ്യപ്പെടും. ഒരു തരത്തിലുള്ള ഭരണവിരുദ്ധ വികാരവും നാട്ടില്‍ നിലനില്‍ക്കുന്നില്ല എന്നുള്ളതാണ് യഥാർഥ വസ്തുത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്രമല്ല എന്തുകൊണ്ടാണ് തുടർഭരണം വേണം എന്ന് പറയുന്നത്. നമ്മുടെ നാടിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കണം. കൂടുതല്‍ നല്ല രീതിയിലേക്ക് നാടിനെ ഉയർത്തണം. അതിനു തുടർഭരണം ആവശ്യമാണ്. അല്ലെങ്കില്‍ നാട് പുറകോട്ട് പോവുകയാണ് ചെയ്യുക. മുൻകാലങ്ങളിലെ അനുഭവം അതാണ്.
2021ലെ തുടർഭരണത്തിന്റെ ഭാഗമായി നല്ലനിലയ്ക്ക് നമുക്ക് മുന്നോട്ട് പോകാനായിട്ടുണ്ട്. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. 2031 ആകുമ്ബോഴേക്കും കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് ഒരു പ്രത്യേക നിലയിലേക്ക് സംസ്ഥാനം എത്തുകയാണ്. നല്ല രീതിയിലേക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയണം. അതിന്റെ ഭാഗമായുള്ള നല്ല മാറ്റം കേരളത്തില്‍ സംഭവിക്കണം. അതിനു നമ്മള്‍ സാധാരണ പറയുന്നത് നവ കേരളം എന്നത് നമ്മുടെ നാടിന്റെ ജീവിത നിലവാരത്തില്‍ വരുന്ന മാറ്റമാണ്.
എല്ലാവർക്കും ആ മാറ്റം അനുഭവപ്പെടണം. അതില്‍ വികസിത രാഷ്ട്രങ്ങളുടെ മധ്യവരുമായ വർഗത്തിന്റെ ജീവിത നിലവാരത്തോതിലേക്ക് കേരളത്തിന്റെ ജീവിത നിലവാരത്തോത് ഉയർത്തുക. ഇതാണ് നമ്മുടെ ലക്ഷ്യം.
നല്ല മുന്നേറ്റം നമുക്കുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതുപോരാ ഇനിയും മുന്നേറേണ്ടതായിട്ടുണ്ട്. ആ മുന്നേറ്റത്തിന് ഒരു തുടർഭരണം എന്നത് ഒഴിച്ചുകൂടാത്തതാണ്. ഇതുകൂടി നമ്മുടെ പോകുന്ന ആളുകളുടെ മനസ്സില്‍ ഉണ്ടാവണം.
വലിയൊരു ദൗത്യമാണ് നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് ഈ പോകുന്ന വളണ്ടിയർമാർ ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയവാരകണമെന്നില്ല. കുറച്ചുപേർ മാത്രമേ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുകയുള്ളു. പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങള്‍ പറഞ്ഞു വിവരിക്കുക അതാണ് അവർ ചെയ്യേണ്ട കാര്യം. ചിലരെങ്കിലും പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചെന്നു വരും. അതില്‍ കുടുങ്ങാതെ ശാന്തമായി കാര്യങ്ങള്‍ വിശദീകരിച്ചു വരാൻ നമുക്ക് സാധിക്കണം. ഇത്രയുമാണ് ഈ ഘട്ടത്തില്‍ എനിക്കു പറയാനുള്ളത്” .



