
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുവാനുമാണ് ഈ നവകേരള സദസിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്- ഉപഭോക്തൃകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടന്ന നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. നാടിന്റെ വികസന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനാവശ്യമായ രൂപരേഖയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ഒരു സംസ്ഥാനം കേരളമാണ്. അതിന്റെ ഫലമായി പൊതു വിദ്യാഭ്യാസ രംഗത്തേക്ക് 11 ലക്ഷം വിദ്യാര്‍ത്ഥികളാണ് തിരികെ എത്തിയത്. മൂന്നര ലക്ഷം പേര്‍ക്ക് സ്വന്തമായി ഭൂമി എന്ന സ്വപ്നം ഈ സര്‍ക്കാരിലൂടെ സാക്ഷാത്കരിച്ചു. നാല് ലക്ഷം പേര്‍ക്ക് സ്വന്തമായി വീട് ലഭിച്ചു. പട്ടിണി ഇല്ലാത്ത, വിശപ്പ് രഹിത കേരളം എന്നതാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ഹതയുള്ള മൂന്ന് ലക്ഷത്തോളം പേര്‍ക്ക് മുന്‍ഗണന കാര്‍ഡ് നല്‍കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകാന്‍ പാടില്ല. 2024 നവംബര്‍ ഒന്നാകുമ്പോഴേക്കും അതിദാരിദ്രരില്ലാത്ത കേരളമായി മാറ്റും.
64 ലക്ഷം കുടുംബങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ ഈ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 7600 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയിരിക്കുന്നത്. കാര്‍ഷിക രംഗത്തെ കര്‍ഷകരെ സഹായിക്കാന്‍ കഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 50,000 ഹെക്ടര്‍ തരിശു നിലങ്ങളിലാണ് ഇന്ന് കൃഷി ചെയ്യുന്നത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരടി പോലും സര്‍ക്കാര്‍ പിറകോട്ടില്ല. വികസനത്തിന് വേണ്ടി കേരളത്തിലെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസില്‍ അവതരിപ്പിക്കുന്നത് നാടിന്റെ വികസന കുതിപ്പും മുന്നേറ്റവും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വികസനകുതിപ്പുകളുടെ ജീവിക്കുന്ന കണക്കുകളും വികസന മുന്നേറ്റത്തിന്റെ യഥാര്‍ത്ഥ ചിത്രവുമാണ് നവകേരള സദസില്‍ അവതരിപ്പിച്ച് മുന്നേറുന്നതെന്നു തുറമുഖം -മ്യൂസിയം- പുരാരേഖ -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൂഞ്ഞാര്‍ നിയോജകമണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്. ജനങ്ങളെ നേരില്‍കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ തത്ത്വങ്ങളെ തമസ്‌കരിച്ചു കൊണ്ടു കേരളത്തിന്റെ അവകാശത്തെ തടയുകയാണ്. ഈ പ്രതിസന്ധികളുടെയിടയിലും വികസനകുതിപ്പിലാണ് സര്‍ക്കാര്‍ മുന്നേറുന്നത്.

തീരദേശ ഹൈവേ, മലയോര ഹൈവേ, നാഷണല്‍ ഹൈവേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് 17 ചെറു തുറമുഖങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ച് ചരക്കുനീക്കം ആരംഭിക്കും. വിദ്യാഭ്യാസ രംഗത്തെ കിഫ്ബിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗവും വളരെയേറെ പുരോഗമിച്ചു. നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്. അതുകൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



