
നവകേരള ജനസദസില്‍ പരാതി നല്‍കാൻ അവസരം: ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സർക്കാർ നിര്‍ദേശം.
സ്വന്തം ലേഖിക
തിരുവനന്തപുരം : നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികള്‍ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍. സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ട പരാതിയാണെങ്കില്‍ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകര്‍ക്ക് നല്‍കേണ്ട ഇടക്കാല റിപ്പോര്‍ട്ടിലടക്കം വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറക്കി.
നവംബര്‍ 18 ന് തുടങ്ങി ഇടതടവില്ലാതെ ഡിസംബര്‍ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുന്നത്. പരാതികളും പ്രശ്നങ്ങളും പൊതു ജനങ്ങള്‍ക്ക് അവതരിപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടാകുമെന്നാണ് വാഗ്ദാനം. ഓരോ മണ്ഡലത്തിലും ജനസദസ്സ് തുടങ്ങും മുൻപെ പരാതി സ്വീകരണ കൗണ്ടറുകളുണ്ടാകും. അവസാന പരാതിക്കാരനും പോകും വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കണം. അതാത് കളക്‌ട്രേറ്റുകളിലെത്തുന്ന പരാതികളില്‍ പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷൻ വഴിയാണ് കൈകാര്യം ചെയ്യേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസത്തിനകം ഡാറ്റ എൻട്രി പൂര്‍ത്തിയാക്കണമെന്നും അതാത് വകുപ്പുകള്‍ക്ക് കൈമാറുന്ന പരാതിയില്‍ പരമാവധി ഒരു മാസത്തിനകം പരിഹാരം കാണണമെന്നുമാണ് നിര്‍ദ്ദേശം. സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ട വിഷയമാണെങ്കില്‍ മാത്രം 45 ദിവസം എടുക്കാം. പരാതികളില്‍ വിശദമായ വിശദീകരണവും തീര്‍പ്പുമാണ് ഉണ്ടാകേണ്ടതെന്നും മുഴുവൻ ചുമതലയും ജില്ലാ കളക്ടര്‍മാര്‍ക്ക് ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഒരോ മണ്ഡലത്തിലും ചുരുങ്ങിയത് 5000 പേരെ എങ്കിലും ജനസദസ്സിനെത്തിക്കാനാണ് നേരത്തെ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.