സ്വന്തം ലേഖകൻ
അടൂർ: ഭർത്താവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന അഫ്സാനയുടെ വ്യാജമൊഴിയിൽ പുലിവാല് പിടിച്ച് പൊലീസ്. പരുത്തിപ്പാറ കൊലക്കേസ്’ ശുഭപര്യവസായി ആയെങ്കിലും പൊലീസിന് ആശ്വസിക്കാറായിട്ടില്ലെന്നതാണ് സത്യം. കഥാനായിക അഫ്സാനയാണെങ്കിൽ മറ്റൊന്ന് പരുത്തിപ്പാറയിൽ ‘മൃതദേഹം’ കുഴിച്ചിട്ട വീടിന്റെ ഉടമ ബിജുവാണ്. ഇവരുടെ കോർട്ടിലാണ് ഇപ്പോൾ പന്തുള്ളത്. ഇരുവരും പൊലീസ് അതിക്രമത്തിനെതിരേ കോടതിയെ സമീപിച്ചാൽ പൊലീസ് കുടുങ്ങും. കാരണം ഒരു നിയമക്രമവും പാലിക്കാതെയാണ് പൊലീസ് നടപടി എടുത്തത്. വീടും പറമ്പും കുഴിക്കുന്നതിന് മുൻപ് അനുമതി വാങ്ങിയിരുന്നില്ല.
വീടിന്റെ രണ്ടു മുറികൾ കുഴിക്കുകയും സെപ്ടിക് ടാങ്ക് തുറന്നു പരിശോധിക്കുകയും ചെയ്തതിലൂടെ തനിക്കുണ്ടായ ദുരിതം വീടിന്റെ ഉടമ പരുത്തിപ്പാറ പാലമുറ്റത്ത് ബിജുകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആകെയുള്ള സമ്പാദ്യമാണ് വീട്. നാലു മുറികളാണ് ആകെയുള്ള. അതിൽ മൂന്നിലും പൊലീസ് പരിശോധന നടത്തി. അടുക്കളയും മുറികളും കുഴിച്ച് കുളം തോണ്ടി. വീട് താമസയോഗ്യം അല്ലാതായി. അടുക്കള ഇനി ഉപയോഗിക്കാൻ കൊള്ളില്ല. മാലിന്യം നിക്ഷേപിക്കാനുള്ള കുഴി തുറന്നത് മൂടിയില്ല. സെപ്ടിക് ടാങ്ക് തുറന്നതോടെ അസഹ്യമായ ദുർഗന്ധമാണ്. അയൽ വീട്ടുകാർക്ക് പോലും ദുർഗന്ധം കാരണം ഇരിക്കപ്പൊറുതിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാപ്പിങ് തൊഴിലാളിയാണ് ബിജു. അതിൽ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനമാണ് ഏക ജീവിത മാർഗം. ഒന്നര വർഷം മുൻപ് നൗഷാദ്-അഫ്സാന ദമ്പതികൾക്ക് വീട് വാടകയ്ക്ക് കൊടുത്തത് പോലും ജീവിക്കാനുള്ള വഴി തേടിയാണ്. നാല് മുറിയും അടുക്കളയും ഉള്ള വീടിന്റെ ഒരു ഭാഗം നൗഷാദിന് 1500 രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയത്. ശേഷിച്ച ഭാഗത്ത് ബിജുവും താമസിച്ചു. മൂന്ന് മാസം താമസിച്ചിട്ടും നൗഷാദ് ഒറ്റപ്പൈസ പോലും വാടക ഇനത്തിൽ തന്നില്ല. ഇനി എന്റെ വീട് ആര് ശരിയാക്കി തരും എന്നാണ് ബിജുവിന്റെ ചോദ്യം. ഇതിനായി മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ കളലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ സമീപിക്കാണ് ബിജുവിന്റെ നീക്കം.
അഫ്സാന കോടതിയെ സമീപിച്ചാലും പൊലീസിന് പണി കിട്ടും. നിലവിൽ അട്ടക്കുളങ്ങരയിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലുള്ള അഫ്സാനയ്ക്ക് മേൽ കൊലക്കുറ്റം ചുമത്തിയിട്ടില്ല. ഇന്ന് അവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. പൊലീസ് എതിർക്കാത്തതിനാൽ ജാമ്യവും ലഭിക്കും. ഇനി പൊലീസ് അതിക്രമത്തിനെതിരേ അവർ കോടതിയെ സമീപിച്ചാലാണ് പണി പാളുക. കാരണം, നൗഷാദ് ജീവനോടെ മടങ്ങി വന്നതോടെ അഫ്സാന പറഞ്ഞ മൊഴി ശരിയാകും. അടൂർ ടൗണിൽ വച്ച് നൗഷാദിനെ കണ്ടുവെന്നാണ് അഫ്സാന കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്.
വനിതാ എസ്ഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊന്ന് കുഴിച്ചു മൂടിയെന്ന് പരസ്പര വിരുദ്ധമായി മൊഴി കൊടുത്തത്. നൗഷാദ് ജീവനോടെയുള്ള സാഹചര്യത്തിൽ അവരുടെ മൊഴിയുടെ ആദ്യഘട്ടം ശരിയായി. സ്റ്റേഷനിലേക്ക് വിളിപ്പിച്ച തന്നെ പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചുവെന്ന് അഫ്സാന പറഞ്ഞാൽ പൊലീസ് വെട്ടിലാകും. മറിച്ചല്ലെന്ന് തെളിയിക്കാൻ ഏറെ പാടുപെടും. പ്രതിയാക്കി ചിത്രീകരിച്ചതിനും റിമാൻഡിൽ അയച്ചതിനുമെല്ലാം പൊലീസ് വിശദീകരണം നൽകേണ്ടി വരും. കൂടൽ പൊലീസ് ആകെ വലഞ്ഞിരിക്കുകയാണ്.